ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയാണ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്.
യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി മോര്‍ ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ അഭിഷിക്തനായി. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു വാഴിക്കല്‍ ചടങ്ങ്. സുറിയാനി പാരമ്പര്യമുള്ള സഭകളുടെയും ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും പ്രതിനിധികളും ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരുമല തിരുമേനിയുടെ നാലാം തലമുറയില്‍ പെട്ട ജോസഫ് മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ കാതോലിക്കയായി വാഴിക്കപ്പെട്ടപ്പോള്‍ യാക്കോബായ സഭ വിശ്വാസികള്‍ക്ക് മാത്രമല്ല കേരളത്തിനാകെ അത് അഭിമാന മുഹൂര്‍ത്തമായി മാറി. ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്.
പാത്രിയര്‍ക്കീസിനോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ട് ജോസഫ് മോര്‍ ഗ്രിഗോറിയോസ് നല്‍കിയ ഉടമ്പടി പാത്രിയര്‍ക്കീസ് ബാവ സ്വീകരിച്ച് തിരികെ അധികാര പത്രം നല്‍കി. ശേഷം മദ്ബഹായില്‍ ഭക്തജനങ്ങള്‍ക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ കാതോലിക്കയെ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് ഉയര്‍ത്തി മുഖ്യ കാര്‍മികന്‍ ബസ്സേലിയസ് ജോസഫ് പ്രഥമന്‍ യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു എന്ന് പ്രഖ്യാപിച്ചു. അവന്‍ യോഗ്യന്‍ തന്നെ എന്നര്‍ത്ഥമുള്ള ഓക്സിയോസ് എന്ന വാക്ക് പാത്രിയര്‍ക്കീസ് ബാവാ ഉറക്കെ പറയുകയും മെത്രാപ്പോലീത്തമാരും വൈദികരും മൂന്നുതവണ അത് ഏറ്റുച്ചൊല്ലുകയും ചെയ്തു.
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ആബൂന്‍ മോര്‍ ബസ്സേലിയസ് ജോസഫ് പ്രഥമന്‍ ബാവ എന്ന് പുതിയ കാതോലിക്കയെ നാമകരണം ചെയ്തു. സ്ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശ വടിയും ശ്രേഷ്ഠ കാതോലിക്കയ്ക്കു കൈമാറി.
പാത്രിയാര്‍ക്കീസ് ബാവക്കൊപ്പം സ്ഥാനാരോഹണ ശുശ്രൂഷകളില്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ മേലധ്യക്ഷന്മാര്‍ സഹകര്‍മികരായി. ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും പ്രതിനിധികളും നൂറ് കണക്കിന് വിശ്വാസികളും ചടങ്ങുകളില്‍ സംബന്ധിച്ചു. സന്ധ്യാ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂര്‍ നീണ്ടു. മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങില്‍ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അനുമോദന സന്ദേശവും ചടങ്ങില്‍ വായിച്ചു.