സമരത്തിന് ആധാരമായി ഉയർത്തിയിരിക്കുന്ന ആവശ്യങ്ങളിൽ തൊഴിലാളി താൽപ്പര്യപരമായി വിയോജിക്കുന്നതായും ഐഎൻടിയുസി പറയുന്നു
ആശാ വർക്കേഴ്‌സ് അസോസിയേഷൻ സമരത്തിൽ നിലപാട് മാറ്റി ഐൻടിയുസി. സമരത്തെ പിന്തുണച്ച് കൊണ്ട് ഐഎൻടിയുസി വാർത്താക്കുറിപ്പ് ഇറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.സി. വേണുഗോപാലും അഭ്യർത്ഥിച്ച സാഹചര്യത്തിലാണ് നിലപാട് മാറ്റമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വ്യക്തമാക്കി. ചർച്ചയ്ക്കുള്ള വേദിയൊരുക്കി അടിയന്തരമായി വിഷയം അവസാനിപ്പിക്കണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. പിന്തുണ അറിയിച്ചതിനു പിന്നാലെ ആർ. ചന്ദ്രശേഖരൻ ആശമാരുടെ സമരപ്പന്തൽ സന്ദർശിക്കും.
നേരത്തെ ഐഎൻടിയുസി സമരത്തെ പിന്തുണച്ചിരുന്നില്ല. തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെയാണ് സമരമെന്നായിരുന്നു വാദം. ഇന്ത്യൻ നാഷണൽ കോൺഗ്രസും യുഡിഎഫും സമരത്തെ പിന്തുണച്ച സാഹചര്യത്തിലും നേതാക്കൾ അഭ്യർഥിച്ചതിനാലുമാണ് നിലപാട് മാറ്റമെന്നാണ് ഐൻടിയുസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ, സമരത്തിന് ആധാരമായി ഉയർത്തിയിരിക്കുന്ന ആവശ്യങ്ങളിൽ തൊഴിലാളി താൽപ്പര്യപരമായി വിയോജിക്കുന്നതായും ഐഎൻടിയുസി പറയുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായിട്ടാണ് രാജ്യത്തെ സ്‌കീം തൊഴിലാളികളുടെ രൂപവല്‍ക്കരണവും പ്രവര്‍ത്തനങ്ങളും നടന്നു വരുന്നത്. സന്നദ്ധ സേവകരായി നിയമിക്കപ്പെട്ട ഈ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് എന്ന ചെറു പാരിതോഷികം മാത്രമാണ് വേതനമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്. ഈ ഇന്‍സെന്റീവ് 60:40 എന്ന രീതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും തീരുമാനിക്കപ്പെട്ടിരുന്നതെന്ന് ഐഎൻടിയുസി ചൂണ്ടിക്കാട്ടി.
Also Read: പിന്മാറാതെ ആശമാർ; നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക്
ജോലി ഭാരം വര്‍ദ്ധിച്ചപ്പോള്‍ വേതന വര്‍ദ്ധനയ്ക്കായി തൊഴിലാളികള്‍ നിന്നും ആവശ്യമുയര്‍ന്നുവെന്ന് ഐഎൻടിയുസി പറയുന്നു. ആരോഗ്യ മേഖലയിലെ ജീവനക്കാരോടൊപ്പം ജോലി ചെയ്യുന്ന ഈ തൊഴിലാളികള്‍ക്ക് ആരോഗ്യ മേഖലാ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും നല്‍കണമെന്ന ആവശ്യം കേന്ദ്ര ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ ഉയര്‍ത്തി. എന്നാല്‍ ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞുവെന്നും ഐഎൻടിയുസി ആരോപിച്ചു. കേന്ദ്ര ആരോഗ്യ മേഖലാ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയും ക്ഷാമബത്ത 55 ശതമാനവും ആകെ 27900 രൂപയുമാണ്. ഈ തുക ശമ്പളമായി ആശാ തൊഴിലാളികള്‍ക്ക് നിശ്ചയിക്കപ്പെടണം. 60:40 അനുപാതകതത്വം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതിനാല്‍ 27900 രൂപയുടെ 60 ശതമനം ആയ 16,740 രൂപ കേന്ദ്ര സര്‍ക്കാരും 40 ശതമാനം ആയ 11,160 രൂപ സംസ്ഥാന സര്‍ക്കാരും വഹിച്ചു കൊണ്ട് തൊഴിലാളി വേതന സംരക്ഷണം ഉറപ്പു വരുത്തണമെന്നാണ് ഐഎൻടിയുസിയുടെ ആവശ്യം.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവാണെന്ന് വീണാ ജോർജ് അറിയിച്ചു. ഇൻസെൻ്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്ന് അനുകൂല നീക്കം ഉണ്ടാകുമെന്ന പ്രതീക്ഷയും വീണാ ജോർജ് പങ്കുവെച്ചു.