വിഷയത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്
വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിൻ്റെതാണ് നിർദശം. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.
അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുലിനെ (18) ചൊവ്വാഴ്ചയാണ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫുൾകൈ ഷർട്ടൂരി ശൗചാലയത്തിലെ ഷവറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിലാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തത്. കവുങ്ങുതൊഴിലാളിയായിരുന്നു ഗോകുൽ.
ALSO READ: ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനായി പൊലീസ് തിരച്ചില്‍, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ഗോകുലിൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഗോകുലിൻ്റെ മരണത്തിൽ അന്വേഷണം വേണം. ഗോകുൽ മരിച്ച വിവരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറിയിക്കുന്നതെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ കുറിച്ച് അറിയില്ലെന്നും, ഗോകുലിന് 18 വയസ് തികഞ്ഞിട്ടില്ലെന്നും കുടുംബം പറഞ്ഞു. മേയിൽ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിലാണ് കേസ് പരിഗണിക്കുക.