രേഖാചിത്രമാണ് അവസാനമായി തിയേറ്ററിലെത്തിയ ആസിഫ് അലി ചിത്രം
കമല്‍ ഹാസനാണ് താന്‍ ഒരു നടന്‍ ആകാന്‍ കാരണമെന്ന് ആസിഫ് അലി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇതേ കുറിച്ച് സംസാരിച്ചത്. താന്‍ ചെറുപ്പം മുതലെ സിനിമ കാണാറുള്ള വ്യക്തിയാണെന്നും മോഹന്‍ലാല്‍ ആരാധകനാണെന്നും ആസിഫ് അലി പറഞ്ഞു. അതോടൊപ്പം കമല്‍ ഹാസന്റെ ചിത്രങ്ങളും കണ്ടിരുന്നെന്നും അങ്ങനെയാണ് തനിക്ക് നടനാവാനുള്ള ആഗ്രഹം ഉണ്ടായതെന്നും ആസിഫ് വ്യക്തമാക്കി.
'അതിന് കാരണം എന്റെ അച്ഛനാണ്. അച്ഛന്‍ വലിയ സിനിമ ആരാധകനും മോഹന്‍ലാല്‍ ഫാനുമാണ്. എല്ലാ റിലീസുകളും ഞങ്ങള്‍ കുടുംബ സമേതം പോയി കാണുമായിരുന്നു. അതുകൊണ്ട് തന്നെ വളരെ ചെറുപ്രായത്തില്‍ തന്നെ എനിക്ക് സിനിമയോട് ആരാധന തോന്നിയിരുന്നു. പിന്നെ ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ്. കമല്‍ ഹാസന്‍ ചിത്രങ്ങളും ഞാന്‍ കാണുമായിരുന്നു. ഞാന്‍ നടനാവാന്‍ കാരണം തന്നെ അദ്ദേഹമാണ്. അദ്ദേഹം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും എല്ലാം എനിക്ക് വലിയ കിക്ക് തന്നിരുന്നു. അദ്ദേഹത്തെ പോലെ പല വ്യക്തികളായി എനിക്കും ജീവിക്കണമായിരുന്നു. നിങ്ങള്‍ ഒരു കമല്‍ ഹാസന്‍ ചിത്രം കണ്ടാല്‍ പിന്നെ അടുത്ത കമല്‍ ഹാസന്‍ ചിത്രത്തില്‍ അതേ ആളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. അത് എന്നെ ആവേശഭരിതനാക്കി. എനിക്ക് അത് ചെയ്യണമായിരുന്നു. വ്യത്യസ്ത വ്യക്തിത്വങ്ങളായും വ്യത്യസ്ത ജീവിത ശൈലികളും എനിക്ക് അനുഭവിക്കണമായിരുന്നു', ആസിഫ് അലി പറഞ്ഞു.
'പിന്നെ തീര്‍ച്ചയായും എനിക്ക് സൂപ്പര്‍ സ്റ്റാര്‍ പദവിയും ആരാധകരും വേണമായിരുന്നു. പക്ഷെ ഞാന്‍ ആദ്യമായി ശ്യാമ പ്രസാദിന്റെ ഋതു ചെയ്തപ്പോള്‍ അദ്ദേഹം എന്റെ ചിന്താഗതിയെ തന്നെ മാറ്റി മറച്ചു. അദ്ദേഹം എനിക്ക് സിനിമയുടെ വ്യത്യസ്ത തലങ്ങള്‍ കാണിച്ചു തന്നു. ഒരു സിനിമയില്‍ നിന്ന് വ്യത്യസ്ത തരത്തില്‍ ആനന്ദം കണ്ടെത്തുന്നത് എങ്ങനെയാണെന്ന് അദ്ദേഹം കാണിച്ചു തന്നു', എന്നും ആസിഫ് അഭിപ്രായപ്പെട്ടു.
ALSO READ : 'ട്രെയ്‌ലര്‍ കണ്ട ശേഷം സര്‍ പറഞ്ഞ വാക്കുകള്‍...'; രജനികാന്തിന് എമ്പുരാന്‍ ട്രെയ്‌ലര്‍ കാണിച്ച് പൃഥ്വിരാജ്
'ഇപ്പോള്‍ എനിക്ക് സ്റ്റാര്‍ഡത്തെ കുറിച്ച് വലിയ ചിന്തയൊന്നുമില്ല. എനിക്ക് ഈ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തിയാണ് ഇപ്പോള്‍ പ്രധാനം. പിന്നെ അത് ചെയ്താല്‍ കിട്ടുന്ന അഭിനന്ദനങ്ങളും. ഇപ്പോള്‍ ഞാന്‍ താരപദവിയില്‍ വിശ്വസിക്കുന്നില്ല', ആസിഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം രേഖാചിത്രമാണ് അവസാനമായി തിയേറ്ററിലെത്തിയ ആസിഫ് അലി ചിത്രം. ജൊഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 75 കോടിയോളം നേടിയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. '2018'ന്റെയും 'മാളികപ്പുറം'ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് 'രേഖാചിത്രം'. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്‍, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.