കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഗാസ പിടിച്ചെടുക്കുമെന്നും, വിഭജിക്കുമെന്നും പ്രഖ്യാപനം നടത്തിയത്
ഗാസയിൽ അഭയകേന്ദ്രമാക്കി മാറ്റിയ വിദ്യാലയത്തിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 27പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ രക്ഷാപ്രവർത്തകരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഗാസ മുനമ്പിനെ വിഭജിക്കുമെന്ന ഇസ്രയേലിൻ്റെ പുതിയ പ്രഖ്യാപനത്തിൻ്റെ ഭാഗമായി റാഫ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്യുന്നത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് അൽ-തുഫ പരിസരത്തുള്ള ദാർ അൽ-അർഖാം സ്കൂളിൽ മൂന്ന് മിസൈലുകൾ പതിച്ചതായും നിരവധി കുട്ടികൾ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബസ്സാൽ പറഞ്ഞു.
ഗാസ നഗരത്തിലെ ഷെജായ പ്രാന്തപ്രദേശത്ത് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ 20 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 97 ആയെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മാർച്ച് 18 ന് ആക്രമണങ്ങൾ പുനരാരംഭിച്ചതിനുശേഷം, മുനമ്പിലുടനീളമുള്ള 600 ലധികം ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം വ്യാഴാഴ്ച അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ ബോംബാക്രമണങ്ങളിൽ 1,163 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ എത്ര പ്രദേശം പിടിച്ചെടുക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഹമാസിനെ സമ്മർദത്തിലാക്കുന്നതിന് വേണ്ടി ഇസ്രയേൽ ഒരുമാസത്തിലേറെയായി മുനമ്പിലേക്കുള്ള ഭക്ഷണം, ഇന്ധനം, തുടങ്ങിയ സഹായങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. നെതന്യാഹുവിൻ്റെ പ്രഖ്യാപനം കുടിയിറക്കൽ ഭീഷണിക്ക് വഴിവെച്ചിരിക്കുകയാണ്. കൂടാതെ ഈ പ്രദേശങ്ങളുടെ നിയന്ത്രണം സ്ഥിരമായി ഇസ്രയേലിന് കീഴിലായിരിക്കുമോ എന്ന ആശങ്കയും ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ട്.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണമാണ് ഗാസയിൽ യുദ്ധത്തിന് തുടക്കമിട്ടത്. ഇതിനുപിന്നാലെ ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവച്ച ആദ്യ വെടിനിർത്തൽ കരാർ ജനുവരി 19 മുതൽ മാർച്ച് 18 വരെ മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപിന്നാലെ ഗാസയിലേക്ക് വീണ്ടും ഇസ്രയേൽ ആക്രമണം ആരംഭിക്കുകയും ചെയ്തു. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൽ,ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചിരുന്നു. 59 ഓളം ബന്ദികളെ ഇപ്പോഴും സംഘം കൈവശം വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാവരും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല.
ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മരണസംഖ്യ അരലക്ഷം കടന്നുവെന്ന റിപ്പോർട്ട് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗമുള്ള ആക്രമണം കൂടിയായപ്പോൾ ആക്രമണത്തിൻ്റെ ശക്തി വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തു.