ഹാട്രിക് ജയത്തോടെ പോയിൻ്റ് പട്ടികയിൽ പഞ്ചാബ് കിങ്സിനെ മറികടന്ന് ഒന്നാമതെത്താനും അക്സർ പട്ടേൽ നയിക്കുന്ന നീലപ്പടയ്ക്കായി.
ഐപിഎല്ലിൽ ശനിയാഴ്ചത്തെ ആദ്യ ജയം ഡൽഹി ക്യാപിറ്റൽസിന് സ്വന്തം. ആവേശകരമായ മത്സരത്തിൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ 25 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് സീസണിൽ ഹാട്രിക് ജയവും പൂർത്തിയാക്കി. ഇതോടെ പോയിൻ്റ് പട്ടികയിൽ പഞ്ചാബ് കിങ്സിനെ മറികടന്ന് ഒന്നാമതെത്താനും അക്സർ പട്ടേൽ നയിക്കുന്ന നീലപ്പടയ്ക്കായി.
ഓൾറൗണ്ട് പ്രകടന മികവിലൂടെ ചെന്നൈയുടെ വായടപ്പിച്ചാണ് ഡൽഹിയുടെ മുന്നേറ്റം. തുടർവിജയങ്ങളിൽ സന്തോഷമുണ്ടെങ്കിലും വിജയങ്ങളിൽ അമിതമായ ആഹ്ളാദം പ്രകടിപ്പിക്കേണ്ടതില്ലെന്ന് അക്സർ പട്ടേൽ ടീമംഗങ്ങളോട് പറഞ്ഞു. ഐപിഎൽ പോലുള്ള ദീർഘമായ ടൂർണമെൻ്റുകളിൽ ടീമുകളുടെ മൊമൻ്റത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാമെന്നും മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ അക്സർ പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്. മറുപടിയായി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസടുക്കാനേ ചെന്നൈ സൂപ്പർ കിങ്സിനായുള്ളൂ. 54 പന്തിൽ 69 റൺസെടുത്ത വിജയ് ശങ്കറും 26 പന്തിൽ 30 റൺസുമായി ധോണിയും പുറത്താകാതെ നിന്നു. ചെന്നൈയുടെ മുന്നേറ്റനിരയിൽ കൂട്ടുകെട്ടുകൾ ആർക്കും ഉയർത്താൻ സാധിക്കാതെ പോയതാണ് മത്സരം അവരുടെ കൈകളിൽ നിന്ന് തട്ടിയകറ്റിയത്.
ALSO READ: VIDEO | വീണ്ടും കൈകോർത്ത് ജഡ്ഡുവും ധോണിയും; ആരാധകരെ ഞെട്ടിച്ച് മിന്നൽപ്പിണർ റണ്ണൗട്ട്!
ടീമിലെ സീനിയർ താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ കെ.എൽ. രാഹുലിൻ്റെ (77) തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി മികച്ച സ്കോറിലേക്ക് കുതിച്ചത്. 51 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുകളും സഹിതമാണ് രാഹുലിൻ്റെ ക്ലാസിക് ബാറ്റിങ് പ്രകടനം. മതീഷ പതിരനയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് സമ്മാനിച്ചാണ് രാഹുൽ പവലിയനിലേക്ക് മടങ്ങിയത്.
ഡൽഹി നിരയിൽ അഭിഷേക് പോറൽ (33), ട്രിസ്റ്റൺ സ്റ്റബ്സ് (24), അക്സർ പട്ടേൽ (21), സമീർ റിസ്‌വി (20) എന്നിവർ മികച്ച രാഹുലിന് മികച്ച പിന്തുണ നൽകി. സിഎസ്കെ നിരയിൽ ഖലീൽ അഹമ്മദ് രണ്ടും രവീന്ദ്ര ജഡേജ, നൂർ അഹമ്മദ്, മതീഷ പതിരന എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.