അത്യന്തം തീവ്രമായ അപരമത വിരോധമാണ് ലേഖനത്തിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
വഖഫിന് പിന്നാലെ ക്രിസ്ത്യാനികളേയും ലക്ഷ്യമിട്ട് ആർഎസ്എസ്. കത്തോലിക്കാ സഭ കോടിക്കണക്കിന് ഹെക്ടർ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുകയാണെന്ന് ആർഎസ്എസ് മുഖവാരിക ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിലൊന്ന് കത്തോലിക്കാ സഭയാണ്. മതപരിപവർത്തനത്തിൻ്റെ ഭാഗമായി അടക്കമാണ് ഇത്ര വലിയ ഭൂസ്വത്ത് സഭ സമ്പാദിച്ചതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. അത്യന്തം തീവ്രമായ അപരമത വിരോധമാണ് ലേഖനത്തിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വഖഫിനുശേഷം, ചർച്ച് ബില്ല് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കമാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആരോപിച്ചു. വിവാദമായതോടെ ഓർഗനൈസർ ലേഖനം പിൻവലിച്ചു.
വഖഫ് ബിൽ പാർലമെൻ്റ് പാസാക്കിയതിന് തൊട്ടു പിന്നാലെയാണ് ആർഎസ്എസ് കത്തോലിക്ക സഭയ്ക്ക് നേരെ തിരിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂ ഉടമ കത്തോലിക്ക സഭയെന്നാണ് ആർഎസ്എസിൻ്റെ ആരോപണം. ഗവൺമെന്റ് ലാൻഡ് ഇൻഫർമേഷൻ, 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് വഖഫ് ബോർഡിനേക്കാൾ ഭൂമി കത്തോലിക്ക സഭയ്ക്കുണ്ടെന്ന് ഓർഗനൈസറിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. ഇതിലേറെയും ബ്രിട്ടീഷ് കാലത്ത് സൗജന്യമായി സ്വന്തമാക്കിയതും ഗോത്രവിഭാഗങ്ങളെയടക്ക പിന്നാക്ക ജനവിഭാഗങ്ങളെ മതപരിവർത്തനം നടത്തി സംഘടിപ്പിച്ചെടുത്തതുമാണെന്ന് ഓർഗനൈസർ ആരോപിക്കുന്നു. ബ്രിട്ടീഷ് കാലത്ത് സ്വന്തമാക്കിയ ഭൂമി ഇപ്പോൾ കത്തോലിക്കാ സഭ അനധികൃതമായാണ് കൈവശം വച്ചിരിക്കുന്നതെന്നാണ് ആർഎസ്എസിൻ്റെ ആരോപണം.
രാജ്യത്തുടനീളം കത്തോലിക്ക സഭയ്കക്ക് ഏകദേശം ഏഴ് കോടി ഹെക്ടർ ഭൂമിയുണ്ട്. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രധാന പങ്കാളിയാണ് കത്തോലിക്ക സഭ.
സഭ നടത്തുന്ന സ്കൂളുകളും ആശുപത്രികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സൗജന്യമോ കുറഞ്ഞ ചെലവിലുള്ള സേവനമോ നൽകി ആകർഷിക്കും.
പിന്നീട് അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദം ചെലുത്തുമെന്നും സമ്മർദ്ദം ചെലുത്തി അവരുടെ സ്വത്ത് സ്വന്തമാക്കുമെന്നും ലേഖനത്തിൽ പറയുന്നു.
1927-ൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ചർച്ച് ആക്ട് പാസാക്കി, വലിയ തോതിലുള്ള ഭൂമി ഗ്രാന്റുകൾ അനുവദിച്ചു. ഇത് കത്തോലിക്കാ സഭയ്ക്ക് രാജ്യത്തുടനീളം വലിയ തോതിൽ ഭൂമി ലഭിക്കാൻ ഇടയാക്കിയെന്നാണ് ഓർഗനൈസർ ലേഖനത്തിലെ പരാമർശം. 1965-ൽ ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കില്ലെന്ന സർക്കുല സർക്കാർ പുറപ്പെടുവിച്ചു. ഈ നിർദേശം നടപ്പിലാക്കാത്തതിനാൽ, സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും ആർഎസ്എസ് മുഖവാരികയിൽ പറയുന്നു. ഗോത്രവർഗ ഭൂമികൾ ഉൾപ്പെടെ സഭ കയ്യടക്കി. ഇത് സാംസ്‌കാരിക ശോഷണത്തിനും പരമ്പരാഗത സ്വത്വങ്ങൾ ഇല്ലാക്കാനും കാരണമായെന്ന് ലേഖനത്തിൽ ആർഎസ്എസ് ആരോപിക്കുന്നു. വിവാദമായതോടെ ഓർഗനൈസർ ലേഖനം പിൻവലിച്ചു.
ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർത്ഥ മനസ്സിലിരിപ്പാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വഖഫിനുശേഷം, ചർച്ച് ബില്ല് കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കമെന്നാണ് ആർഎസ്എസ് മുഖവാരികയുടെ വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും വിമർശിച്ചു.
വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ കേന്ദ്രസർക്കാരിന് അഭിവാദ്യമർപ്പിച്ച് കത്തോലിക്കാ സഭയും കത്തോലിക്കാ കോൺഗ്രസുമടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സഭാസ്വത്തുക്കളെ ഉന്നംവച്ചുള്ള ലേഖനം ആർഎസ്എസ് മുഖവാരികയിൽ വന്നത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കും.