പ്രദേശത്ത് രൂക്ഷഗന്ധം വ്യാപിച്ചതോടെയാണ് നാട്ടുകാർ മാലിന്യം കണ്ടെത്തുന്നത്. പിന്നാലെ കെട്ടിടം പൊളിച്ച് നീക്കാൻ നടപടി ആരംഭിക്കുകയായിരുന്നു
കോഴിക്കോട് കോഴി അറവ് മാലിന്യം അനധികൃതമായി സൂക്ഷിച്ച കെട്ടിടം പൊളിച്ച് നീക്കാൻ നടപടി ആരംഭിച്ച് താമരശേരി ഗ്രാമപഞ്ചായത്ത്. ഫ്രഷ്ക്കട്ടിലേക്ക് എത്തിക്കേണ്ട അറവ് മാലിന്യം ചാക്കുകളിൽ കെട്ടി സൂക്ഷിക്കുകയായിരുന്നു. പ്രദേശത്ത് രൂക്ഷഗന്ധം വ്യാപിച്ചതോടെയാണ് നാട്ടുകാർ മാലിന്യം കണ്ടെത്തുന്നത്. പിന്നാലെ കെട്ടിടം പൊളിച്ച് നീക്കാൻ നടപടി ആരംഭിക്കുകയായിരുന്നു.
അറവ് മാലിന്യത്തിന് പുറമെ ദ്രവരൂപത്തിലുള്ള മാലിന്യവും കെട്ടിടത്തിന് സമീപം സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദ്രവരൂപത്തിലുള്ള മാലിന്യം രഹസ്യമായി സ്ഥാപിച്ച പൈപ്പ് ലൈനിലൂടെ സമീപത്തെ തോട്ടിലേക്ക് തുറന്നു വിടുകയായിരുന്നു. താമരശ്ശേരി - ഓമശ്ശേരി - കോടഞ്ചേരി പഞ്ചായത്തുകളിലെ ആരോഗ്യവിഭാഗങ്ങള്‍ സംയുക്ത പരിശോധനയിലൂടെയാണ് മാലിന്യം ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്.
മൂന്നു പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും സ്ഥലം സന്ദർശിച്ചു. ദ്രവ മാലിന്യം വിവിധയിടങ്ങളിൽ തള്ളിയ ഫ്രഷ് കട്ട് ഫാക്ടറിയുടെ ടാങ്കർ ലോറി കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയിരുന്നു. പിന്നാലെ ഫ്രഷ് കട്ടിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 9-ാം വാർഡിൽ ഫ്രഷ്കട്ടിന് നിലവിലുളള പരാതികൾ പരിഹരിക്കുന്നത് വരെ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നാണ് കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചത്.