നായമ്മാർമൂല സ്വദേശികളായ ഒരേ കുടുംബത്തിലെ നാല് പേർക്കാണ് വെട്ടേറ്റത്.
കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത നാല് പേർക്ക് വെട്ടേറ്റു. നായമ്മാർമൂല സ്വദേശികളായ ഒരേ കുടുംബത്തിലെ ആളുകൾക്കാണ് വെട്ടേറ്റത്. വീടിന് സമീപത്തുവച്ച് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.
ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമം ഉണ്ടായത്. കാറിലെത്തിയ സംഘം നായമ്മാർമൂലയിലെ വീടുകൾക്കു സമീപത്തുവച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. പ്രദേശവാസികൾ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ നാട്ടുകാർക്കു നേരെ തിളച്ച ചായ ഒഴിച്ചു. പിന്നാലെ അവിടെ നിന്നും കടന്ന പ്രതികൾ മാരകായുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു.
ALSO READ: ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ഹർജി ഡിവിഷൻ ബെഞ്ചും തള്ളി
ഒരേ കുടുംബത്തിലെ അംഗങ്ങളായ റസാഖ്, ഇബ്രാഹിം, മുർഷിദ്, ഫവാസ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ ഫവാസിൻ്റെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റ ഫവാസിനെ മംഗലാപുരത്തും റസാഖ്, ഇബ്രാഹിം, മുർഷിദ് എന്നിവരെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നും യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും പരിക്കേറ്റവർ പറഞ്ഞു.
സംഭവത്തിൽ വിദ്യാനഗർ പൊലീസ് 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തു. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായിരുന്നു.