പാകിസ്ഥാന്‍ വംശജനായ താന്‍ ഒരു മുസ്ലീമായതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ കടുത്ത പീഡനം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു റാണ അപ്പീലില്‍ പറഞ്ഞത്.
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. ഇന്ത്യയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് റാണ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായത്.
ഫെബ്രുവരി 27നാണ് തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ ഒരു അടിയന്തര ഹര്‍ജി യുഎസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നത്. മാര്‍ച്ചില്‍ ഈ ഹര്‍ജി കോടതി തള്ളിയിരുന്നു. എന്നാല്‍ റാണ ഹര്‍ജി വീണ്ടും പുതുക്കി വീണ്ടും നല്‍കുകയായിരുന്നു.
ആദ്യത്തെ ഹര്‍ജി ജസ്റ്റിസ് കാഗനായിരുന്നു പരിഗണിച്ചിരുന്നതെങ്കില്‍ പുതുക്കിയ ഹര്‍ജി നേരിട്ട് ചീഫ് ജസ്റ്റിസ് റോബേര്‍ട്ട്‌സാണ് പരിഗണിച്ചത്. തിങ്കളാഴ്ചയാണ് അപേക്ഷ തള്ളിയതായി സുപ്രീം കോടതി അറിയിച്ചത്.
പാകിസ്ഥാന്‍ വംശജനായ താന്‍ ഒരു മുസ്ലീമായതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ കടുത്ത പീഡനം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു റാണ അപ്പീലില്‍ പറഞ്ഞത്. ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്, പാര്‍ക്കിന്‍സണ്‍സ് രോഗം, മൂത്രാശയ കാന്‍സറിന് സൂചന നല്‍കുന്ന രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നായിരുന്നു റാണയുടെ ഹര്‍ജി.
ഇന്ത്യയ്ക്ക് കൈമാറാനുള്ള വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തഹാവൂര്‍ റാണ സമര്‍പ്പിച്ചഹര്‍ജി യുഎസ് സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. റാണയെ കൈമാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ തഹാവൂര്‍ ഹുസൈന്‍ റാണ, കനേഡിയന്‍ പൗരത്വം നേടി താമസം മാറുകയായിരുന്നു. 164 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ആക്രമണം.
ഭീകരാക്രമണ കുറ്റത്തിന് ഇയാളെ പതിനാല് വര്‍ഷം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയ്ക്കെതിരായ ആരോപണം. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കണ്ടെത്തയിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് ധനസഹായം നല്‍കിയതിന്റെ പേരില്‍ റാണയെ യുഎസ് ശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.