കഴിഞ്ഞ മാസം 20 നാണ് ബിജുവിനെ ഒമ്നി വാനിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്
തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകത്തിൽ നിർണായക തെളിവ് ശേഖരിച്ച് അന്വേഷണസംഘം. കൊലയ്ക്ക് ശേഷം ദൃശ്യം 4 നടപ്പാക്കിയെന്ന്, ഒന്നാം പ്രതി ജോമോൻ സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞ കോൾ റെക്കോർഡ് പൊലീസിനു ലഭിച്ചു. പ്രതി ജോമോനുവേണ്ടി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകി. ജോമോനെയും ഭാര്യയെയും പൊലീസ് ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും.
ബിസിനസ് പങ്കാളിത്തം പിരിഞ്ഞപ്പോൾ സുഹൃത്ത് ബിജു നൽകാനുള്ള പണമിടപാടിലെ കരാറുകൾ പാലിക്കപ്പെടാതെ വന്നതാണ് ക്വട്ടേഷൻ കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം 20 നാണ് ബിജുവിനെ ഒമ്നി വാനിൽ തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തിയത്. കൊലപാതകശേഷം ബിജുവിന്റെ മൃതദേഹം ജോമോന്റെ വീട്ടിൽ എത്തിച്ചിരുന്നു. ഇതിനു ശേഷമാണ് മൃതദേഹം ജോമോന്റെ ഉടമസ്ഥതയിൽ ആയിരുന്ന കേറ്ററിംഗ് സർവീസിന്റെ അണ്ടർഗ്രൗണ്ട് ഗോഡൗൺ വേസ്റ്റ് കുഴിയിൽ തള്ളിയത്. മൃതദേഹം മറവുചെയ്ത ശേഷം ജോമോൻ സുഹൃത്തുക്കളെ അടക്കം ഫോണിൽ വിളിച്ച് വിവരം പറഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം.
ദൃശ്യം 4 നടത്തിയെന്നായിരുന്നു ചില സുഹൃത്തുക്കൾക്ക് ജോമോന്റെ ഫോൺ കോൾ. ഇതു സംബന്ധിച്ച് ജോമോന്റെ ഫോണിൽ നിന്ന് കോൾ റെക്കോർഡ് പൊലീസിന് ലഭിച്ചു. ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ വിളിച്ച ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
ജോമോനു വേണ്ടി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തെളിവ് നശിപ്പിക്കാൻ ജോമോന്റെ ഭാര്യയും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ജോമോനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഭാര്യയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. തുടർന്ന് ഭാര്യയെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റിലേക്ക് കടക്കും.