ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫാണ് നോട്ടീസ് അയച്ചത്
മന്ത്രി മന്ദിരത്തിലെത്തിയപ്പോൾ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കാണാൻ അനുവദിക്കാതെ ഭർത്താവ് ആട്ടിയോടിച്ചു എന്ന അധിക്ഷേപത്തിനെതിരെ ആശാ വർക്കർമാരുടെ സമര സമിതി നേതാവ് എസ്. മിനിക്ക് വക്കീൽ നോട്ടീസയച്ചു. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫാണ് നോട്ടീസ് അയച്ചത്. പരാമർശം തെറ്റാണെന്ന് നോട്ടീസിൽ പറയുന്നു. അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് എസ്.മിനിയുടെ പക്ഷം.
സത്യമല്ലാത്തതും അവാസ്തവവുമായ കാര്യങ്ങൾ മനപ്പൂർവം പ്രചരിപ്പിച്ചതിനും തന്നെ സമൂഹ മധ്യത്തിൽ അധിക്ഷേപിച്ചതിനെതിരെയാണ് എസ്. മിനിക്കെതിരെ ഡോ. ജോർജ് ജോസഫ് നോട്ടീസ് അയച്ചത് . ആശാ വർക്കർമാരുടെ സമരത്തിനിടെയായിരുന്നു മിനി ജോർജ് ജോസഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
അതേസമയം ആശാ വർക്കർമാർക്ക് പിന്തുണയുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ രംഗത്തെത്തി. ആശാ വർക്കർമാരെ സമരത്തിലേക്ക് തള്ളിവിടാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ സുധീരൻ, മുൻപ് സമര പരമ്പര നടത്തിയവരാണ് ഇപ്പോൾ ഭരണത്തിലുള്ളതെന്ന് കൂട്ടിച്ചേർത്തു. ഒരാൾക്കും ആശാ പ്രവർത്തകരെ തള്ളിപ്പറയാനോ നിഷേധിക്കാനോ കഴിയില്ല. സമരം എത്രയും പെട്ടെന്ന് തീർപ്പാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെടണമെന്നും വി.എം. സുധീരൻ പറഞ്ഞു.
ഭരണത്തിലിരിക്കുന്നവർ മിനിമം വേതനത്തിന് നടത്തിയ സമരങ്ങൾ പറഞ്ഞറിയിക്കേണ്ടതുണ്ടോ എന്നായിരുന്നു സുധീരൻ്റെ ചോദ്യം. സമൂഹത്തിലെ അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കുന്നവരാണ് ആശാ വർക്കർമാർ. കോവിഡ് കാലത്ത് ജീവൻ രക്ഷ നോക്കാതെ പ്രവർത്തിച്ചവർ. സ്വന്തക്കാർ മരിച്ചാൽ പോലും സന്ദർശിക്കാത്ത സമയത്ത് പോലും തെല്ലും വൈകാതെ പ്രവർത്തിച്ചവരാണ് ഇവരെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ആശാ സഹോദരിമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചിരുന്നത്. ഇവരെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരിന്റെ പരാജയമാണ്. സമരം എത്രയും പെട്ടെന്ന് തീർപ്പാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെടണം. എന്തുകൊണ്ട് സർക്കാർ വിഷയം ചർച്ച ചെയ്യുന്നില്ലെന്ന് ചോദിച്ച സുധീരൻ, സമരക്കാർക്കെതിരായ പ്രതികാര നടപടി ഇടത് സർക്കാരിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു.