കശുവണ്ടി ശേഖരിക്കാന്‍ പോയ ദമ്പതികളാണ് കൊല്ലപ്പെട്ടത്.
കണ്ണൂരില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറളം ഫാമില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയ ദമ്പതികളാണ് കൊല്ലപ്പെട്ടത്. ആറളം ഫാമില് പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആര്‍ആര്‍ടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്.
രണ്ട് മാസത്തിനിടെ 9 പേരാണ് കേരളത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറളം മേഖലയിൽ മാത്രം പത്ത് വർഷത്തിനിടെ 17 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദമ്പതികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മരിച്ച വെള്ളിയുടേയും ലീലയുടേയും മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹങ്ങള്‍ കയറ്റിയ രണ്ട് ആംബുലന്‍സും നാട്ടുകാര്‍ തടഞ്ഞു.
ഡി എഫ് ഒ ഉള്‍പ്പെടെ സ്ഥലത്ത് എത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും. അടിക്കാട് വെട്ടുന്ന കാര്യത്തിൽ വീഴ്ച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കുടുംബത്തിന് നഷ്ട പരിഹാരം പെട്ടന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.