"ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്ന ഫെഫ്കയുടെ പ്രഖ്യാപിത നിലപാടിന് ഇപ്പോൾ വലിയ പ്രസക്തിയാണുള്ളത്"
സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകരുടെ പ്രമേയം. മലയാള ചലച്ചിത്ര മേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്ന പ്രമേയമാണ് പാസാക്കിയത്. സംവിധായകൻ ബ്ലെസിയാണ് പ്രമേയം അവതരിപ്പിച്ചത്. അൻവർ റഷീദ് പ്രമേയത്തെ പിന്താങ്ങി. ഡയറക്ടേഴ്സ് യൂണിയൻ പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്.
മലയാള ചലച്ചിത്രമേഖലയെ അനിശ്ചിത കാലത്തേക്ക് സ്തംഭിപ്പിക്കുന്ന ഒരു സമരപരിപാടി ഇന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കപ്പെടേണ്ടതാണ്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്ന ഫെഫ്കയുടെ പ്രഖ്യാപിത നിലപാടിന് ഇപ്പോൾ വലിയ പ്രസക്തിയാണുള്ളത്. മലയാള സിനിമാമേഖലയിൽ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുന്ന ചലച്ചിത്ര സംഘടനകൾക്ക് അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷമപ്രശ്നവും നിലവിലില്ല. ഒപ്പം, ഇരട്ട നികുതിയടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരുമായും ചർച്ചകൾ നടത്തണം. ജനാധിപത്യപരമായ സംവാദത്തിലും സാഹോദര്യത്തിലും ഊന്നുന്ന ഫെഫ്കയുടെ ഇടപെടലുകൾക്ക് ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്ന് സുരേഷ് കുമാര്‍ പറഞ്ഞെങ്കിലും സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളും അഭിനേതാക്കളും അടക്കം നിരവധി പേര്‍ രംഗത്തെത്തി. ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം. എംപുരാന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാര്‍ സംസാരിച്ചതിനെയും ആന്റണി വിമര്‍ശിച്ചു.'ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല' എന്നായിരുന്നു ആൻ്റണി പെരുമ്പാവൂരിന്റെ പ്രതികരണം.
പിന്നാലെ, ആൻ്റണി പെരുമ്പാവുരിന് പിന്തുണയുമായി പൃഥ്വരിരാജ്, മോഹൻലാൽ, ടൊവിനോ തോമസ് തുടങ്ങിയ നടന്മാരും രംഗത്തെത്തിയിരുന്നു. സിനിമാ സമരം പോലൊരു തീരുമാനത്തോട് വിയോജിക്കുന്നു എന്ന് തരത്തിലാണ് ഭൂരിപക്ഷം സിനിമ പ്രവർത്തകരും ആൻറണി പെരുമ്പാവൂരിന്റെ സിനിമ പോസ്റ്റിനെ പൂർണമായും പിന്തുണച്ചത്. താരങ്ങൾ പ്രതിഫലം കൂട്ടുന്നതുകൊണ്ടാണ് സിനിമകൾ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാറിൻ്റെ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അമ്മ മുൻ വൈസ് പ്രസിഡൻ്റ് ജയൻ ചേർത്തലയും പറഞ്ഞു. താരങ്ങൾ സിനിമ നിർമിക്കരുതെന്ന വാദം ശരിയല്ലെന്നും ജയൻ കൂട്ടിച്ചേർത്തു. എന്നാൽ, സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിർമാതാക്കളും തമ്മിലാണെന്നാണ് ഒരു വിഭാഗം നിർമാതാക്കളുടെ നിലപാട്.
ALSO READ: സത്യാന്വേഷിയായ ഗോവർധൻ എമ്പുരാനിലും; കഥാപാത്രത്തെ പരിചയപ്പെടുത്തി ഇന്ദ്രജിത്ത്
അതേസമയം, സുരേഷ് കുമാറിനെ വിമർശിച്ച ആന്റണി പെരുമ്പാവൂരിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തി. ആന്റണിയെ ക്ഷണിച്ചിട്ടും അദ്ദേഹം യോഗത്തിൽ പങ്കെടുത്തില്ല. സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. സംഘടന ജി. സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് സംഘടനാ ഭരണ സമിതിയുടെ തീരുമാനപ്രകാരമാണെന്നും അറിയിച്ചു.