ഓസ്ട്രേലിയ ദേശീയ താല്‍പ്പര്യങ്ങൾക്കാണ് മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിന്‍റെ നിലപാട്
യുഎസിന്‍റെ താരിഫ് നയങ്ങള്‍ക്കെതിരെ സഖ്യം ചേരാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയ. ഡൊണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ ഓസ്ട്രേലിയന്‍ ഉൽപ്പന്നങ്ങള്‍ക്ക് 10 ശതമാനവും ചൈനയ്ക്ക് 125 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തിയതിനു പിന്നാലെയാണ് തീരുമാനം. മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന യുഎസിന്‍റെ അധീശ സ്വഭാവത്തെ നേരിടാന്‍ സംയുക്തമായ ചെറുത്തുനില്‍പ്പാണ് ആവശ്യമെന്നായിരുന്നു ഓസ്ട്രേലിയയിലെ ചൈനീസ് അംബാസിഡറിന്‍റെ പ്രതികരണം.
ഓസ്ട്രേലിയ ദേശീയ താല്‍പ്പര്യങ്ങൾക്കാണ് മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിന്‍റെ നിലപാട്. ചൈനയുടെ നിലപാടിനോട് യോജിക്കില്ലെന്നും ആല്‍ബനീസ് അറിയിച്ചു. ചൈനയുടെ കൈകോർക്കില്ലെന്നും വാണിജ്യ ബന്ധങ്ങളെ വൈവിധ്യവൽക്കരിക്കാനാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസും വ്യക്തമാക്കി.
Also Read: വോട്ടർമാർ ഇനി പൗരത്വവും തെളിയിക്കണം; നിർണായകമായ റിപ്പബ്ലിക്കന്‍ ബില്‍ പാസാക്കി യുഎസ് പ്രതിനിധി സഭ
യുഎസ് ചുമത്തിയ 10 ശതമാനം ഇറക്കുമതി ചുങ്കത്തിൽ ഓസ്ട്രേലിയ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ചടിക്കുന്ന സമീപനമല്ല രാജ്യം സ്വീകരിച്ചത്. യുഎസുമായി മധ്യസ്ഥ ചർച്ചകളിലൂടെ തീരുവയില്‍ മാറ്റം വരുത്താമെന്നാണ് ഓസ്ട്രേലിയ വിശ്വസിക്കുന്നത്. യുഎസിന് വെളിയിൽ മറ്റ് കയറ്റുമതി സാധ്യതകളും രാജ്യം തിരയുന്നുണ്ട്. ഇന്തോനേഷ്യ, ഇന്ത്യ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരം വൈവിധ്യവത്കരിക്കുന്നതിലൂടെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാമ്പത്തിക പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയൻ വ്യാപാര മന്ത്രി ഡോൺ ഫാരെൽ അടുത്തിടെ ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ചൈനയൊഴിയെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക തീരുവ യുഎസ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. പിന്നാലെ യുഎസിനു മേൽ ചുമത്തിയ തിരിച്ചടി തീരുവ യുറോപ്യന്‍ യൂണിയന്നും താല്‍ക്കാലികമായി മരവിപ്പിച്ചു. 125 ശതമാനം അധിക തീരുവയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ ചുമത്തിയത്. ഏപ്രില്‍ രണ്ടിന് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കു മേല്‍ 34 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായി , 10 ശതമാനം വീതം ചുമത്തിയ ഇറക്കുമതി തീരുവയ്ക്ക് പുറമെയായിരുന്നു ഈ പ്രഖ്യാപനം. ഇതിന് പിന്നാലെ ചൈന തിരിച്ച് യുഎസിനു മേലും 34 ശതമാനം തീരുവ ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതുകയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ നടപടിയ്ക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു. പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറണമെന്ന് ട്രംപ് അന്ത്യശാസന നല്‍കിയിരുന്നുവെങ്കിലും, ചൈന ഇത് തള്ളിക്കളയുകയായിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പൊടുന്നനെയാണ് താരിഫ് 125 ശതമാനമായി ട്രംപ് വർധിപ്പിച്ചത്.