മൃതദേഹങ്ങൾ മമ്മിഫൈഡ് അവസ്ഥയിലായതിനാൽ പോസ്റ്റ്‌മോർട്ടത്തിലും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല
കാസർഗോഡ് പൈവളിഗയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നതാണ് അന്വേഷണത്തിൽ വെല്ലുവിളി ഉയർത്തുന്നത്. മൃതദേഹങ്ങൾ മമ്മിഫൈഡ് അവസ്ഥയിലായതിനാൽ പോസ്റ്റ്‌മോർട്ടത്തിലും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല.
ഈ മാസം 9 നാണ് 15 കാരിയേയും 42 കാരനേയും പൈവളിഗയിലെ വീടിന് സമീപത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 26 ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു ജീർണ്ണിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയുടെ അമ്മയുടെ ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെ കേസിൽ ഇടപെട്ട ഹൈക്കോടതി കൊലപാതകമാണോ എന്ന സംശയം മുന്നോട്ടുവെച്ചിരുന്നു.
15 കാരിയുടെ മരണത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് അന്വേഷണം വൈകിപ്പിക്കുമായിരുന്നോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസ് ഡയറിയുമായി ഹൈക്കോടതിയിൽ ഹാജരാവാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകുകയും ചെയ്തിരുന്നു. നിയമത്തിനു മുമ്പിൽ വിവിഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.
മൃതദേഹങ്ങൾ ലഭിക്കുമ്പോൾ മമ്മി ഫൈഡ് അവസ്ഥയിലായിരുന്നു. 45 കിലോ ഭാരമുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹത്തിൻ്റെ ഭാരം 13 കിലോയിൽ താഴെയായിരുന്നു. സമാനമായിരുന്നു 42 വയസുകാരൻ്റെയും അവസ്ഥ. ആന്തരികാവയവങ്ങളെല്ലാം ചുരുങ്ങിപ്പോയതിനാൽ കൃത്യമായ ഫലം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
പോസ്റ്റ്‌മോർട്ടത്തിൽ ആത്മഹത്യയുടെ സൂചനയാണ് ലഭിച്ചതെങ്കിലും അതുറപ്പിക്കാൻ പൊലീസ് സർജനോ അന്വേഷണസംഘത്തിനോ സാധിച്ചിട്ടില്ല. ഒപ്പം മരണകാരണവും കണ്ടെത്തേണ്ടതുണ്ട്. അതിനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. എന്നാൽ ഇതിൻ്റെ ഫലം ലഭിക്കാൻ വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം.