വിദ്യാര്‍ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ നിര്‍ദേശം ലോകായുക്ത തള്ളി
കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ നിര്‍ണായക ഉത്തരവുമായി ലോകായുക്ത. പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദേശിച്ചു. എംബിഎ വിദ്യാര്‍ഥി അഞ്ജന പ്രദീപിന്റെ ഹര്‍ജിയിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിദ്യാര്‍ഥിയുടെ അക്കാദമിക് റെക്കോഡ് പരിശോധിച്ച് മാര്‍ക്ക് നല്‍കാനാണ് സര്‍വകലാശാലയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിനാണ് ആവറേജ് മാര്‍ക്ക് നല്‍കേണ്ടത്. വിദ്യാര്‍ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സര്‍വകലാശാലയുടെ നിര്‍ദേശവും ലോകായുക്ത തള്ളി. സര്‍വകലാശാലയുടെ നിര്‍ദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
കാനറ ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താണ് വിദ്യാര്‍ഥി കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷം ജോലിയും നേടിയിരുന്നു.
ഉത്തരക്കടലാസുകള്‍ നഷ്ടമായ സംഭവത്തില്‍ രൂക്ഷമായ ഭാഷയിലാണ് കേരള സര്‍വകലാശാലയെ ലോകായുക്ത വിമര്‍ശിച്ചത്. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണ്. സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് വിദ്യാര്‍ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷ എഴുതിക്കാനുള്ള തീരുമാനം യുക്തിപരമല്ലെന്നും ലോകായുക്ത പറഞ്ഞു.
Also Read: കേരള സർവകലാശാല ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവം: എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കാലതാമസത്തിനു ശേഷം പരീക്ഷ എഴുതാന്‍ നിര്‍ദേശിക്കുന്നത് ശരിയായ നടപടിയല്ല. കാലാന്തരത്തില്‍ അക്കാദമിക് കാര്യങ്ങള്‍ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാം. പുനഃപരീക്ഷ എഴുതുന്നത് വിദ്യാര്‍ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
2024 മെയില്‍ നടന്ന എംബിഎ മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ 'പ്രോജക്ട് ഫിനാന്‍സ്' വിഷയത്തില്‍ പരീക്ഷയെഴുതിയ 71 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് ജനുവരിയില്‍ നഷ്ടപ്പെട്ടത്. 65 റഗുലര്‍ വിദ്യാര്‍ഥികളുടെയും 6 സപ്ലിമെന്ററി വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസുകളാണ് കാണാതായത്. പാലക്കാട് വെച്ച് ബൈക്കില്‍ സഞ്ചരിക്കവേയാണ് അധ്യാപകന്റെ പക്കല്‍ നിന്നും വീഴ്ച ഉണ്ടായത്. 2022-2024 ബാച്ച് വിദ്യാര്‍ഥികളുടെതായിരുന്നു ഉത്തരക്കടലാസുകള്‍.
പ്രാജക്ട് ഫിനാന്‍സ് വിഷയത്തില്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചതിന് തുടര്‍ന്നാണ് സംഭവം ചര്‍ച്ചയായത്. പിന്നാലെ പരീക്ഷയും നടത്തിയിരുന്നു. ആറ് കേന്ദ്രങ്ങളിലായി നടന്ന 65 വിദ്യാര്‍ഥികളായിരുന്നു പരീക്ഷ എഴുതിയത്. പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്കായി 22ന് വീണ്ടും പരീക്ഷ നടത്തുമെന്നും സര്‍വകലാശാല അറിയിച്ചിരുന്നു.