ബോളിവുഡിലെ തന്റെ സഹപ്രവര്‍ത്തകര്‍ നിര്‍മിക്കുന്ന സിനിമകളെ എപ്പോഴും അനുരാഗ് വിമര്‍ശിച്ചിട്ടേയുള്ളൂ
സംവിധായകന്‍ അനുരാഗ് കശ്യപ് ഒരിടവേളയ്ക്ക് ശേഷം എക്‌സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അടുത്തിടെ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും പോവുകയാണെന്നും കേരളത്തിലേക്ക് താമസം മാറുകയാണെന്നും അനുരാഗ് കശ്യപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആ പ്രസ്താവനയില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്ക് സാധാരണത്തേക്കാള്‍ സിനിമകള്‍ ഇപ്പോള്‍ ഉണ്ടെന്നും താന്‍ സിനിമാ സംവിധാനം നിര്‍ത്താന്‍ പോകുന്നില്ലെന്നുമാണ് അനുരാഗ് കശ്യപ് എക്‌സില്‍ കുറിച്ചത്.
'ഞാന്‍ നഗരങ്ങള്‍ മാറി താമസിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ സിനിമ വിട്ടിട്ടില്ല. ഞാന്‍ നിരാശനായി മടങ്ങി എന്ന് കരുതുന്നവരോട് പറയട്ടേ... ഞാന്‍ ഇവിടെ തന്നെയുണ്ട്. ഞാന്‍ ഇപ്പോള്‍ ഷാരൂഖ് ഖാനേക്കാളും തിരക്കുള്ള വ്യക്തിയാണ്. (അങ്ങനെ ആയേ പറ്റു, കാരണം ഞാന്‍ അത്രയ്ക്ക് പൈസ ഉണ്ടാക്കുന്നില്ല). ഞാന്‍ സംവിധാനം ചെയ്ത അഞ്ച് സിനിമകള്‍ ഈ വര്‍ഷം വരുന്നതായിരിക്കും. ചിലപ്പോള്‍ മൂന്നെണ്ണം ഈ വര്‍ഷവും രണ്ടെണ്ണം അടുത്ത വര്‍ഷവും വരും. എനിക്ക് ഏറ്റവും നീളമുള്ള ഐഎംഡിബി ലിസ്റ്റുണ്ട്. ഞാന്‍ ദിവസവും വേണ്ടെന്ന് വെക്കുന്നത് മൂന്നോളം സിനിമകളാണ്', എന്നും പറഞ്ഞു കൊണ്ട് വിമര്‍ശകരെ ചീത്ത വിളിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ്.
ഈ പോസ്റ്റിന് മുന്‍പ് അനുരാഗ് കശ്യപ് തന്റെ ആദ്യ ബൈലിങ്ക്വല്‍ (ഹിന്ദി/തെലുങ്ക്) ചിത്രമായ ഡാക്കോയ്ട്ടിനെ കുറിച്ചാണ് പോസ്റ്റ് ചെയ്തത്. ആ സിനിമയില്‍ അനുരാഗ് അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. സംവിധായകന്‍ എന്ന നിലയില്‍ അനുരാഗിന്റെ അവസാന ചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രശസ്തമായ കെന്നഡിയാണ്. ആ ചിത്രം ഇതുവരെ തിയേറ്ററുകളില്‍ എത്തിയിട്ടില്ല.
ബോളിവുഡിലെ തന്റെ സഹപ്രവര്‍ത്തകര്‍ നിര്‍മിക്കുന്ന സിനിമകളെ എപ്പോഴും അനുരാഗ് വിമര്‍ശിച്ചിട്ടേയുള്ളൂ. അടുത്തിടെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മുംബൈ വിട്ട് പോവുകയാണെന്ന് അനുരാഗ് കശ്യപ് അറിയിച്ചത്. തനിക്ക് ബോളിവുഡ് സിനിമാ മേഖലയില്‍ ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'എനിക്ക് മുംബൈയില്‍ നിന്നും അടുത്ത വര്‍ഷം തന്നെ പോകണം. ഞാന്‍ സൗത്തിലേക്ക് പോവുകയാണ്. എവിടെയാണോ ആക്ഷന്‍ നടക്കുന്നത് അവിടേക്കാണ് എനിക്ക് പോകേണ്ടത്. അല്ലെങ്കില്‍ ഞാന്‍ പ്രായമായി മരിച്ചുപോകും. ഞാന്‍ എന്റെ സിനിമാ മേഖലയുടെ കാര്യം ആലോചിച്ച് നിരാശനാണ്', എന്നാണ് അനുരാഗ് കശ്യപ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് പറഞ്ഞത്.