യെമനിലെ റാസ് ഇസ ഫ്യുവൽ പോര്‍ട്ടിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്
യെമനിൽ ഹൂതികളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ നടത്തിയ വ്യോമാക്രമണത്തിൽ 38പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 102 പേര്‍ക്ക് പരിക്കേറ്റു. യെമനിലെ റാസ് ഇസ ഫ്യുവൽ പോര്‍ട്ടിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. അതേസമയം മരണസംഖ്യ സംബന്ധിച്ച് യു.എസ് സൈനികാസ്ഥാനമായ പെൻ്റഗൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: വടക്കന്‍ ചിലിയില്‍ ശക്തമായ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
യെമനിൽ യുഎസ് സൈന്യം നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇത് എന്നാണ് റിപ്പോർട്ട്. ഹൂതികൾക്കുള്ള ധനസഹായവും ഇന്ധന വിഭവങ്ങളുടെ ലഭ്യതയും വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ് വിവിധ മേഖലകളിൽ വ്യോമാക്രമണം നടത്തിയെങ്കിലും പ്രധാനമായും തുറമുഖ സൗകര്യത്തിന് ചുറ്റുമാണ് ആക്രമണങ്ങൾ കേന്ദ്രീകരിക്കപ്പെട്ടത് എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ചെങ്കടലിലെ ചരക്ക് നീക്കത്തിനെ തടസപ്പെടുത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഹൂതികൾക്കെതിരെ നടത്തിയ ഏറ്റവും വലിയ സൈനിക നടപടിയാണിത്. ഇതിനുമുന്നേ മാർച്ചിലായിരുന്നു യുഎസിൻ്റെ ആക്രമണം നടന്നത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായ യുഎസ് ആക്രമണങ്ങളിൽ 50 ലധികം പേർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.