"പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്"
നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കും. നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ലഹരി പരിശോധനയിൽ സിനിമാ സെറ്റിന് പ്രത്യേക പരിഗണനയില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എല്ലായിടത്തും പരിശോധന നടത്തും. പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം, നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞത് എന്തിനെന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ഷൈനിൻ്റെ ലഹരി ഉപയോഗത്തെക്കുറിച്ച് നടി വിൻസി അലോഷ്യസ് നടത്തിയ വെള്ളിപ്പെടുത്തലിൽ പൊലീസും വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പിടിച്ചുകെട്ടാൻ എക്സൈസും നടപടി ആരംഭിച്ചു. വിവരങ്ങൾ നൽകാൻ താൽപ്പര്യമുള്ളവരെ കണ്ടെത്താൻ എക്സൈസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വിൻസി അലോഷ്യസ് എറണാകുളത്ത് എത്തിയ ശേഷം വിവരങ്ങൾ തേടുമെന്നും എക്സൈസ് അറിയിച്ചു.
ALSO READ: കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ബിജെപി നേതാവിനെതിരെ പരാതിയുമായി പാലാഴി സ്വദേശികൾ
വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എക്‌സൈസ് സംഘം അനുമതി തേടിയെങ്കിലും സഹകരിക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. മറ്റു നിയമനടപടികളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം അറിയിച്ചത്.