fbwpx
ബാബ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Oct, 2024 07:28 PM

സമാനമായ രീതിയില്‍ ബിഷ്ണോയ് ഗ്യാങ് കൊലപ്പെടുത്താന്‍ ശ്രമിച്ച നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു

NATIONAL


മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്. എന്‍സിപി അജിത് പവാർ പക്ഷം നേതാവായ ബാബ കഴിഞ്ഞ ദിവസം മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിയുടെ ഓഫീസില്‍ വെച്ചാണ് വെടിയേറ്റു മരിച്ചത്.

പൊലീസ് അന്വേഷണ പ്രകാരം, മൂന്ന് ഷൂട്ടർമാരാണ് വെടിവെപ്പിനു പിന്നിലുള്ളത്. അതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ നിന്നുള്ള ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍, യുപി സ്വദേശി, ശിവ് കുമാർ ഗൗതമിനായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.

പ്രതികളില്‍ യു പി സ്വദേശികളായ ധരംരാജ് കശ്യപും ശിവ് കുമാർ ഗൗതവും അയല്‍ക്കാരാണ്. ഇരുവരും പൂനെയില്‍ ഒരുമിച്ച് ജോലിയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ യു പിയില്‍ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍ അധോലോക ബന്ധങ്ങള്‍ ആരംഭിച്ച ശേഷം ഇവർക്ക് കുറച്ചുകാലം പഞ്ചാബ് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ഈ ജയില്‍വാസത്തിനിടെയാണ് ഇവർ ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധം സ്ഥാപിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതികള്‍ ബാബ സിദ്ദിഖിയെ പിന്തുടരുന്നു. കൊലപാതകം നടത്തുന്നതിനായി പ്രതികള്‍ക്ക് 50,000 രൂപ അഡ്വാന്‍സ് ലഭിച്ചതായും ഇതിനായുള്ള ആയുധം സംഭവത്തിനു തൊട്ട് മുന്‍പാണ് ഇവർക്ക് ലഭിച്ചതെന്നും പൊലീസ് പറയുന്നു.

Also Read: മുംബൈ നഗരത്തെ നടുക്കിയ കൊലപാതകം; ആരാണ് ബാബാ സിദ്ദിഖി?

കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് ബാബാ സിദ്ദിഖിയുടെ നെഞ്ചിനു നേരെ അക്രമികള്‍ വെടിയുതിർക്കുന്നത്. വെടിവെപ്പിനു ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുപ്രസിദ്ധമായ ബിഷ്ണോയ് ഗ്യാങ് ഉത്തരവാദിത്തമേറ്റെടുത്ത് സമൂഹമാധ്യത്തില്‍ പോസ്റ്റ് പങ്ക് വെച്ചു. ഷിബു ലോന്‍കർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രചരിച്ച പോസ്റ്റിനെ ചുറ്റിപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഷ്ണോയുടെ സംഘത്തിലെ ശുഭം രാമേശ്വർ ലോന്‍കറിന്‍റെ വ്യാജ അക്കൗണ്ടാണിതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. അനധികൃതമായി ആയുധം കയ്യില്‍ കരുതിയതിനു ശുഭം ലോന്‍കറിനെ ഈ വർഷം ആദ്യം മാഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയുമായി അടുത്ത ബന്ധമുണ്ടെന്ന് ശുഭം മൊഴിയെടുപ്പില്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

സമാനമായ രീതിയില്‍ ബിഷ്ണോയ് ഗ്യാങ് കൊലപ്പെടുത്താന്‍ ശ്രമിച്ച നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു. 2024 ഏപ്രില്‍ 14നാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം സല്‍മാന്‍ ഖാന്‍റെ വീടിനു നേരെ വെടിയുതിർത്തത്. ഈ കേസില്‍ ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധമുണ്ടായിരുന്ന പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിനും ഗൂഢാലോചന കുറ്റത്തിനുമാണ് പൊലീസ് കേസെടുത്തത്. പൊലീസ് റിപ്പോർട്ട് പ്രകാരം, സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായി 25 ലക്ഷം രൂപയുടെ കോണ്‍ട്രാക്റ്റാണ് ബിഷ്ണോയ് ഗ്യാങ് നല്‍കിയത്.

Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ, ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ്

ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷം പ്രതികരിച്ചത്. ക്രമസമാധാന നില വഷളാകുന്നത് ആശങ്കാജനകമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു.

Also Read
user
Share This

Popular

KERALA
KERALA BYPOLL
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരോക്ഷ പരാമർശം; പി.എം.എ. സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍