കലാപത്തിനു പിന്നാലെ, ഹസീന രാജ്യവും അധികാരവും വിട്ട് ഓടിപ്പോയിട്ടും ബംഗ്ലാദേശ് ശാന്തമായിട്ടില്ല
രാജ്യമാകെ പടര്‍ന്നുപിടിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിലാണ് ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിലംപതിച്ചത്. കലാപത്തിനു പിന്നാലെ, ഹസീന രാജ്യവും അധികാരവും വിട്ട് ഓടിപ്പോയിട്ടും ബംഗ്ലാദേശ് ശാന്തമായിട്ടില്ല. രാഷ്ട്രീയ, സാമുഹ്യ വെല്ലുവിളികള്‍ക്കൊപ്പം വലിയ സാമ്പത്തിക പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം അസ്ഥിരതകള്‍ക്കിടയില്‍, ബംഗ്ലാദേശ് അവരുടെ ചരിത്രം കൂടി മാറ്റിയെഴുതുകയാണ്. രാജ്യത്തിനൊരു രാഷ്ട്രപിതാവ് വേണ്ടെന്ന് പറയുന്നവര്‍, സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെയാണ് തിരുത്തിയെഴുതുന്നത്.
ഷെയ്ഖ് ഹസീനയുടെ വീഴ്ചയ്ക്കു പിന്നാലെ അധികാരത്തിലെത്തിയ, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നത്. രാഷ്ട്രപിതാവും ബംഗ്ലാദേശ് സ്ഥാപക പ്രസിഡന്‍റും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ സംഭാവനങ്ങളെയാകെ രാജ്യം തിരസ്കരിക്കുകയാണ്. ഹസീന സര്‍ക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭകര്‍, രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള മുജിബുര്‍ റഹ്മാന്റെ പ്രതിമകളും, സ്മാരകങ്ങളുമൊക്കെ അടിച്ചുതകര്‍ത്തിരുന്നു. ഹസീനയുടെയും, അവരുടെ പാര്‍ട്ടിയായ അവാമി ലീഗ് അംഗങ്ങളുടെയും വസതികള്‍ തീയിട്ടു. പിന്നാലെയാണ് പുതിയ ചരിത്ര നിര്‍മിതി.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം മാറുന്ന ചരിത്രം
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമര ചരിത്രമാണ് മാറ്റിയെഴുതുന്നത്. 1971ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് മുജീബുർ റഹ്മാനല്ല. സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുർ റഹ്മാനാണെന്നാണ് തിരുത്ത്. പുതിയ അധ്യയനവര്‍ഷത്തില്‍ ഈ ചരിത്രമാകും പ്രൈമറി, സെക്കൻഡറി സ്കൂൾ പാഠപുസ്തകങ്ങളില്‍ ഇടംപിടിക്കുക. ബംഗാബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ‘രാഷ്ട്രപിതാവ്’ എന്ന വിശേഷണവും പുസ്തകങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്. മുജിബുര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് 2010 മുതല്‍ വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളില്‍ പറഞ്ഞിരുന്നത്. 1971 മാർച്ച് 26ന് പാക്കിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ്, മുജിബുർ റഹ്മാൻ വയർലെസ് സന്ദേശത്തിലൂടെ രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചു. അന്ന് പാക് സൈന്യത്തില്‍ മേജറായിരുന്ന സിയാവുര്‍ റഹ്മാന്‍, തൊട്ടടുത്ത ദിവസം ഈ സ്വാതന്ത്ര്യ പ്രഖ്യാപനം പരസ്യമാക്കി എന്നാണ് രേഖകള്‍. പുതിയ ചരിത്രത്തില്‍, മുജിബുറിന് സ്ഥാനമില്ല. സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുര്‍ റഹ്മാന്‍ ആണെന്നാണ് പുതിയ പാഠം. മുജീബിന്റെ 'രാഷ്ട്രപിതാവ്' പദവി രേഖകളില്‍നിന്നൊഴിവാക്കിയ ഇടക്കാല സര്‍ക്കാര്‍, കറന്‍സി നോട്ടുകളില്‍നിന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൂടി നീക്കി. "അതിശയോക്തി നിറഞ്ഞതും അടിച്ചേൽപ്പിക്കപ്പെട്ടതുമായ ചരിത്രത്തിൽ" നിന്ന് പാഠപുസ്തകങ്ങളെ മോചിപ്പിക്കാനുള്ള ശ്രമം എന്നാണ് തിരുത്തലുകള്‍ക്ക് നേതൃത്വം കൊടുത്ത എഴുത്തുകാരനും ഗവേഷകനുമായ രഹൽ റാഖയുടെ പ്രതികരണം. പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്ത വേളയില്‍ മുജിബുര്‍ റഹ്മാന്‍ വയര്‍ലെസ് സന്ദേശത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്നത് വസ്തുതാപരമായ വിവരമല്ലെന്നാണ് പുതിയ ചരിത്രനിര്‍മിതിക്കാരുടെ കണ്ടെത്തല്‍.
ALSO READ: ഗാസ: പശ്ചിമേഷ്യയിലെ ട്രംപ് കുടുംബത്തിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍
ആദ്യമായല്ല, ബംഗ്ലാദേശിന്റെ ചരിത്രം തിരുത്തപ്പെടുന്നത്. അധികാരത്തിലെത്തുന്നവരുടെ രാഷ്ട്രീയത്തിനനുസരിച്ച് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരം ചരിത്രം മാറ്റപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍, ഹസീനയുടെ അവാമി ലീഗിനും ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, ബിഎന്‍പിക്കും തുല്യപങ്കുണ്ട്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മുജിബുര്‍ റഹ്മാനാണ്. മുജിബുറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം പരസ്യപ്പെടുത്തുക മാത്രമാണ് സിയാവുര്‍ റഹ്മാന്‍ ചെയ്തതെന്നാണ് അവാമി ലീഗിന്റെ വാദം. പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ സിയാവുര്‍ റഹ്മാനാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്നാണ് ബിഎന്‍പിയുടെ വാദം. അവാമി ലീഗ് അധികാരത്തിലിരുന്ന 1996 മുതൽ 2001 വരെയുള്ള പാഠപുസ്തകങ്ങളിൽ മുജിബിന്റെ പേരിലാണ് സ്വാതന്ത്ര്യ പ്രഖ്യാപന ചരിത്രം. 2001ൽ ബിഎന്‍പി അധികാരത്തിലെത്തിയപ്പോള്‍, സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുര്‍ റഹ്മാനാണെന്ന് തിരുത്തുണ്ടായി. 2010ൽ ഷെയ്ഖ് ഹസീന രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോൾ പുസ്തകങ്ങള്‍ വീണ്ടും തിരുത്തി. സിയാവുറിനെ വെട്ടി മുജിബുർ റഹ്മാന്റെ പേര് വീണ്ടും എഴുതിച്ചേര്‍ക്കപ്പെട്ടു. അതാണ് ഇപ്പോള്‍ ഇടക്കാല സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്.
ചരിത്രം പറയുന്നത്
രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പേരില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തല്ലുകൂടുമ്പോള്‍ ചരിത്രം എന്ത് പറയുന്നു എന്നുകൂടി പരിശോധിക്കാം. ബംഗ്ലാദേശിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മുജിബുര്‍ റഹ്മാനാണ് എന്നതിന് നിരവധി തെളിവുകളുണ്ട്. 1971 മാർച്ച് 26ന് യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസി (ഡിഐഎ) വൈറ്റ് ഹൗസിന് നൽകിയ രഹസ്യ റിപ്പോര്‍ട്ടില്‍, പാകിസ്താന്റെ കിഴക്കന്‍ ഭാഗത്തെ 'പരമാധികാര സ്വതന്ത്ര പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ്' ആയി ഷെയ്ഖ് മുജിബുർ റഹ്മാൻ പ്രഖ്യാപിച്ചതോടെ, രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടപ്പെട്ടു” എന്ന് പറയുന്നുണ്ട്. മാത്രമല്ല, 1971 മാർച്ച് 27ലെ വിവിധ രാജ്യങ്ങളിലെ പത്രങ്ങള്‍ ബംഗാബന്ധു ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'കിഴക്കൻ പാകിസ്താന്റെ ദേശീയ നേതാവായ ഷെയ്ഖ് മുജിബുർ റഹ്മാൻ തന്റെ പ്രദേശത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്, മണിക്കൂറുകൾക്കുശേഷം അറസ്റ്റിലായെന്നാണ്' അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക് സൈന്യത്തില്‍ മേജറായിരുന്ന സിയാവുര്‍ റഹ്മാന്‍, 1971 മാർച്ച് 27ന് മുജിബുറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന സന്ദേശം വായിച്ചു എന്നതും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1971 മാർച്ച് 26ന് ഷെയ്ഖ് മുജിബുർ റഹ്മാൻ ധാക്കയിൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയെന്നാണ് ബംഗ്ലാദേശ് ഭരണഘടനയിലും പറയുന്നത്. ആ ഭരണഘടനയും ഉടന്‍ തിരുത്തപ്പെട്ടേക്കും.
ALSO READ: ട്രംപ് പറയുന്നത് ഹിറ്റ്ലറുടെ ഭാഷ; ജനാധിപത്യത്തിന് അസ്വീകാര്യം
സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നാലെ, 2024 ഓഗസ്റ്റ് അഞ്ചിനാണ് ഹസീന സര്‍ക്കാര്‍ നിലംപതിച്ചത്. സമാധാനപൂർണമായിരുന്ന വിദ്യാർഥി പ്രക്ഷോഭം പൊടുന്നനെ ശക്തിപ്രാപിച്ചപ്പോള്‍, ഏകാധിപത്യ പ്രവണതകള്‍ കാണിച്ച ഭരണാധികാരിക്ക് പദവി ഉപേക്ഷിച്ച് രാജ്യം വിടേണ്ടിവരികയായിരുന്നു. പിന്നാലെ നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിച്ചു. പിന്നാലെ, ഷെയ്ഖ് മുജിബുർ റഹ്മാന്റെ പൈതൃകം രാജ്യത്തുനിന്ന് പതുക്കെ തുടച്ചുനീക്കപ്പെട്ടു തുടങ്ങി. വസതികളും, സ്മാരകങ്ങളും, ഛായാചിത്രങ്ങളും തുടങ്ങി പ്രതിമകള്‍ വരെ വികൃതമാക്കപ്പെടുകയോ, തകര്‍ത്തെറിയുകയോ ചെയ്തു. ആയിരത്തിലധികം ദേശീയ സ്മാരകങ്ങള്‍ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുജിബുര്‍ റഹ്മാനുമായി ബന്ധപ്പെട്ട അവധിദിനങ്ങളും റദ്ദാക്കി. മുജിബുര്‍ പ്രചരിപ്പിച്ച ജോയ് ബംഗ്ല ഔദ്യോഗിക ദേശീയ മുദ്രാവാക്യമല്ലെന്ന് പരമോന്നത കോടതിയും വിധിയെഴുതി. കറന്‍സിയായ ടാക്കയില്‍നിന്ന് ബംഗാബന്ധു ഒഴിവാക്കപ്പെട്ടപ്പോള്‍ പകരമെത്തിയത് മതചിഹ്നങ്ങളാണെന്നതും ശ്രദ്ധേയം.
ഇത്തരത്തില്‍ ചരിത്രത്തെ അപ്പാടെയാണ് ബംഗ്ലാദേശ് തിരുത്തിയെഴുതുന്നത്. കിഴക്കന്‍ പാകിസ്താനെന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്റെ മോചനത്തിനും പാകിസ്താന് കനത്ത തിരിച്ചടിയും ഏല്‍പ്പിച്ചതായിരുന്നു 1971ലെ വിമോചന യുദ്ധം. അതിന്റെ സ്മാരകം പോലും ആക്രമിക്കപ്പെട്ടു. പാക് മേജര്‍ ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി, ഇന്ത്യന്‍ സൈന്യത്തിനും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിക്കും കീഴടങ്ങാനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു സ്മാരകം. അത് ആക്രമിക്കപ്പെട്ടതിനൊപ്പം, സ്വാതന്ത്ര്യലബ്ധിയില്‍ ഇന്ത്യക്കുള്ള പങ്ക് കൂടിയാണ് ബംഗ്ലാദേശ് നിരാകരിക്കുന്നത്. ഇന്ത്യ സഖ്യകക്ഷി മാത്രമായിരുന്നു എന്നാണ് ബംഗ്ലാദേശിന്റെ പുതിയ ഭാഷ്യം. രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷണിയായി ഇന്ത്യയെ കാണുന്നവര്‍, നയങ്ങള്‍കൊണ്ടും നിലപാട് കൊണ്ടും അടുക്കുന്നത് പാകിസ്താനോടാണ് എന്നതാണ് ഏറെ രസകരം. മൂല്യശോഷണം വന്ന ഒരു ജനാധിപത്യ ഭരണകൂടത്തിന് സംഭവിക്കേണ്ടതേ ഹസീനയ്ക്ക് സംഭവിച്ചിട്ടുള്ളൂ. അതിന്റെ പേരില്‍, സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങളെയും രാജ്യസ്ഥാപനത്തിനായി നടത്തിയ രാഷ്ട്രീയ-സാമുഹ്യ പരിശ്രമങ്ങളെയും നിരാകരിക്കുന്നത്, സ്വന്തം നിലനില്‍പ്പിനെ തന്നെയാകും ചോദ്യം ചെയ്യുക.