അടിസ്ഥാന പദ്ധതിയില്‍ മാറ്റം വരുത്താതെ അലൈന്‍മെന്‍റിലും ഡിപിആറിലും മാറ്റം വരുത്താമെന്ന് കാട്ടി കേന്ദ്ര റെയിൽവേ ബോർഡിന് കത്തയച്ചു
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീണ്ടും നിര്‍ണായക നീക്കവുമായി കെ- റെയില്‍. അടിസ്ഥാന പദ്ധതിയില്‍ മാറ്റം വരുത്താതെ അലൈന്‍മെന്‍റിലും ഡിപിആറിലും മാറ്റം വരുത്താമെന്ന് കാട്ടി കേന്ദ്ര റെയിൽവേ ബോർഡിന് കത്തയച്ചു. അതിവേഗ പാത എങ്ങനെ വേണമെന്ന് വ്യക്തമാക്കി മെട്രോമാൻ ഇ. ശ്രീധരനും, റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
അതിവേഗ തീവണ്ടികള്‍ക്കുള്ള പ്രത്യേക പാത എന്ന സിൽവർ ലൈനിൻ്റെ അടിസ്ഥാന തത്വത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റു കാര്യങ്ങളിൽ ഭേദഗതികൾ ആകാമെന്നും ആണ് കെ- റെയിലിൻ്റെ പുതിയ നിലപാട്. റെയിൽവേയുടെ ഭൂമി ഒഴിവാക്കാനായി അലൈൻമെൻ്റിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് കെ- റെയിൽ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേക പാതയായി പരിഗണിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡിപിആറിലും മാറ്റങ്ങള്‍ വരുത്താൻ തയ്യാറാണ്.
ഡിസംബറിൽ നടന്ന ചർച്ചയിൽ റെയിൽവേ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കെ -റെയിലിൻ്റെ പുതിയ നീക്കം. എന്നാൽ സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ് ഗേജിലേക്ക് പദ്ധതി മാറ്റണമെന്ന റെയിൽവേയുടെ ആവശ്യം കെ- റെയിൽ തള്ളി. വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ കഴിയും വിധം മാറ്റം വരുത്താൻ ആകില്ലെന്നും റെയിൽവേയെ അറിയിച്ചിട്ടുണ്ട്. പദ്ധതിയെ മുൻപത്തേതിനേക്കാൾ ശക്തമായി എതിർക്കുമെന്ന് കെ- റെയിൽ വിരുദ്ധസമിതി വ്യക്തമാക്കി.
അതിവേഗ പാതയെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ റെയിൽവേ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെ തള്ളി ഇ. ശ്രീധരനും കത്തയച്ചു. റെയില്‍വേ ബോര്‍ഡ് നിര്‍ദേശം പാലിച്ചാല്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അനുമതി കിട്ടില്ല. ഒട്ടും പ്രൊഫഷണലിസം ഇല്ലാത്ത നിര്‍ദേശങ്ങളാണ് റെയില്‍വേ ബോര്‍ഡിന്‍റേത് എന്നും റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. അതിവേഗ പാത എങ്ങനെ വേണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും കത്ത് നൽകി. കെ- റെയിലിന്‍റെ പുതിയ നീക്കത്തിൽ കേന്ദ്രം എന്ത് നിലപാട് എടുക്കും എന്നതാണ് ഇനി പ്രധാനം.