ടെക്നോളജി, ആണവം, ബഹിരാകാശം, പ്രതിരോധം, പാരിസ്ഥിതിക സുസ്ഥിരത എന്നീ വിഷയങ്ങളിലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ സുപ്രധാന ചർച്ച നടന്നത്
പ്രതിരോധ, ബഹിരാകാശ, ആണവരംഗങ്ങളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കരാറുകളിലും ഒപ്പുവെച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിച്ചു.
ടെക്നോളജി, ആണവം, ബഹിരാകാശം, പ്രതിരോധം, പാരിസ്ഥിതിക സുസ്ഥിരത എന്നീ വിഷയങ്ങളിലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ സുപ്രധാന ചർച്ച നടന്നത്. കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയിൽ ഇന്ത്യയും ഫ്രാൻസും ഉറച്ചു നില്ക്കും. സബ്മറൈനുകളുടെ നിർമ്മാണത്തിലും ധാരണയായിട്ടുണ്ട്. ഫ്രഞ്ച് രൂപകൽപനയിലുള്ള മൂന്ന് സബ്മറൈനുകളാകും ഇന്ത്യ നിർമിക്കുക.
ഫ്രാൻസിൻ്റെ സഹായത്തോടെ കൂടുതൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്. ഇതിനായി ഫ്രാൻസിൽ നിന്ന് കൂടുതൽ ജെറ്റ് എഞ്ചിനുകളും മിസൈലുകളും വാങ്ങും. ചെറു ആണവ റിയാക്ടറുകൾ പങ്കാളിത്തത്തിൽ സ്ഥാപിക്കാനും കരാറൊപ്പിട്ടു. ബഹിരാകാശ രംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും ഫ്രാൻസിൻ്റെ ഏരിയൻസ്പേസും തമ്മിൽ ഉപഗ്രഹ വിക്ഷേപണത്തിലും ധാരണയായിട്ടുണ്ട്. പ്രധാനപ്പെട്ട കരാറുകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനം.
സാമ്പത്തിക ക്രയവിക്രയ സാങ്കേതിക വിദ്യകളിലും സഹകരണത്തിന് തീരുമാനമായി. ഇന്ത്യൻ യുപിഐ ഫ്രാൻസിൽ പ്രവർത്തിപ്പിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളുമെത്തി. ഹെലികോപ്ടർ നിർമാണ രംഗത്ത് ഇന്ത്യൻ-ഫ്രഞ്ച് കമ്പനികൾ സഹകരിക്കും. ജെറ്റ് എഞ്ചിനുകൾ, ഹെലികോപ്റ്റർ എഞ്ചിനുകൾ, മിസൈലുകൾ എന്നിവ ഫ്രാൻസിൽ നിന്ന് വാങ്ങാനും ധാരണയായി. ഇന്ത്യയിലെ പിനാക റോക്കറ്റ് ലോഞ്ചർ സംവിധാനം വാങ്ങുന്നത് പരിശോധിക്കാൻ ഫ്രഞ്ച് സംഘത്തെ അയക്കാമെന്നും മക്രോൺ സമ്മതിച്ചു.