ഇത്രയധികം പണം റഹീസ് കാറിൽ സൂക്ഷിച്ചതിൽ തോന്നിയ സംശയമാണ് വഴിത്തിരിവായത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനിടെയാണ് യഥാർഥ സംഭവം പുറത്തറിഞ്ഞത്.
കോഴിക്കോട് കാറിൻ്റെ ചില്ല് തകർത്ത് 40 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ വൻ വഴിത്തിരിവ്. കാറിനുള്ളിൽ പണം ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. ഭാര്യാപിതാവ് കടമായി നൽകിയ 40 ലക്ഷം മടക്കി നൽകാൻ കഴിയാതെ വന്നതോടെയാണ് റഹീസ് എന്നയാൾ കവർച്ചാ നാടകം നടത്തിയത്.കേസിൽ റഹീസും സുഹൃത്തുക്കളായ രണ്ടുപേരും അറസ്റ്റിൽ.
40 ലക്ഷം രൂപ പൊടിച്ചു തീർത്തു. ഭാര്യപിതാവിനോട് പറയാൻ മറുപടിയില്ല... തിരിച്ചുകൊടുക്കാൻ പണവും... ഈ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ആനക്കുഴിക്കര സ്വദേശി പി.എം.റഹീസിൻ്റെ തലയിലുദിച്ചതാണ് കവർച്ചാ നാടകം. പിന്നീട് നടന്നത് അതിവിദഗ്ധമായ ആസൂത്രണം. എന്നാൽ മൊഴികളിലെ വൈരുധ്യം പൊലീസിന് പിടിവള്ളിയായി. നാടകം പൊളിഞ്ഞതങ്ങനെ. പണം കവർച്ചയിലൂടെ നഷ്ടപ്പെട്ടുവെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ബുധനാഴ്ച വൈകിട്ട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രി പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ മോഷണം നടന്നുവെന്നായിരുന്നു പരാതി. ചാക്കിൽ സൂക്ഷിച്ച നാൽപ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നഷ്ടമായെന്നും റഹീസ് മൊഴി നൽകി. എന്നാൽ ഈ മൊഴി റഹീസിനെ തന്നെ കുടുക്കുകയായിരുന്നു. സിസിടിവിയിൽനിന്ന് ഇത്തരമൊരു ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചില്ല. ബൈക്കിൽ പോയവരുടെ കയ്യിൽ ചാക്കില്ലായിരുന്നുവെന്ന് കണ്ടെത്തി.
Also Read; തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം; അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു
പൊലീസിനെ സമീപിക്കാനുണ്ടായ കാലതാമവും സംശയങ്ങൾ ജനിപ്പിച്ചു. കവർച്ചാനാടകം കുറേക്കൂടി വിശ്വനീയമാക്കാനായിരുന്നു സുഹൃത്തുക്കളെക്കൊണ്ട് കാറിൻ്റെ ചില്ല തകർത്തത്. ഭാര്യപിതാവ് സൂക്ഷിക്കാൻ എല്പിച്ച പണം അദ്ദേഹം നിര്‍ദേശിച്ചയാള്‍ക്ക് നല്‍കാനായി എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതെന്നും റഹീസിൻ്റെ മൊഴിയിലുണ്ടായിരുന്നു. പ്രതികൾ ആശുപത്രി വിട്ട വാഹനം കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലും കേസിൽ വഴിത്തിരിവായി.
അങ്ങനെ സ്കൂട്ടറിലെത്തിയ രണ്ടുപേർ റഹീസിൻ്റെ സുഹൃത്തുക്കളാണെന്ന് തെളിഞ്ഞു. ഇടയ്ക്ക് അന്വേഷണം തനിക്കുനേരെ തിരിയുന്നുവെന്ന് റഹീസ് മനസിലാക്കി. ഇതോടെ പരാതി പിൻവലിച്ച് തടിയൂരാൻ ശ്രമം. എന്നാൽ വഞ്ചനാക്കുറ്റം രജിസ്റ്റർ ചെയ്ത് പൊലീസ് കേസുമായി മുന്നോട്ടുപോയി. റഹീസിനൊപ്പം സുഹൃത്തുക്കളായ ആനക്കുഴിക്കര സ്വദേശി സാജിദ്, മായങ്ങോട്ടുംതാഴം സ്വദേശി ജംഷീർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
പണത്തിൻ്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്വകാര്യസ്ഥാപനത്തിലെ മാനേജരായി ജോലി ചെയ്യുകയാണ് റഹീസിൻ്റെ ഭാര്യാപിതാവ്. ഈ സ്ഥാപനവും പണം നഷ്ടപ്പെട്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.