ലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർബന്ധമുണ്ട്
മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർബന്ധമുണ്ട്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ WCC യുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരിക ഔന്നിത്യത്തിൻ്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. ഇന്ത്യൻ സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരള സർക്കാരാണ്. അതിൻ്റെ ശുപാർശകൾ കാലതാമസം കൂടാതെ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആ ദിശയിലുള്ള സർക്കാർ നടപടികളെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ALSO READ: ലൈംഗികാരോപണം; സിദ്ദീഖിനെതിരെയും പൊലീസ് പ്രാഥമിക അന്വേഷണം നടത്തും
അതേസമയം സർക്കാർ ആവശ്യപ്പെട്ടിട്ടല്ല രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത് എന്നാണ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. രാജി സന്നദ്ധത അറിയിച്ചത് രഞ്ജിത്താണ് എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ ഇരയോടൊപ്പമാണ്. ഇടതുപക്ഷം സ്ത്രീ പക്ഷത്താണ്. അക്കാര്യം ആദ്യം മുതൽ പറഞ്ഞതാണ്. സ്ത്രീകൾക്കെതിരായ ഏത് നീക്കത്തെയും ശക്തമായി സർക്കാർ ചെറുക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.