ജനുവരി 15ലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യന്‍ സമയം രാവിലെ 10.30ന് കേസ് വീണ്ടും പരിഗണിക്കും.
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തില്‍ വീണ്ടും നിരാശ. കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനല്‍ കോടതി മാറ്റി വെച്ചു. ജനുവരി 15ലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യന്‍ സമയം രാവിലെ 10.30ന് കേസ് വീണ്ടും പരിഗണിക്കും. മകനെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്ന് അബ്ദുള്‍ റഹീമിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.
'മകനെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണം. കേസ് ഇങ്ങനെ നീട്ടിവെക്കുന്നതില്‍ എന്തെങ്കിലും കാരണം ഉണ്ടാകും. മകനെ മോചിപ്പിക്കാന്‍ മറ്റു കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അതും ചെയ്യണം. അബ്ദുള്‍ റഹീമിനെ തിരിച്ചു കൊണ്ടു വന്നാല്‍ മാത്രം മതി,' അബ്ദുള്‍ റഹീമിന്റെ ഉമ്മ പറഞ്ഞു.
ALSO READ: ഒരു ക്രിമിനലിന് എങ്ങനെയാണ് പരോള്‍ ലഭിച്ചത്? കൊടി സുനി പുറത്തിറങ്ങിയതില്‍ കെ. കെ. രമ
ഡിസംബര്‍ 12ന് അബ്ദുള്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഡിസംബര്‍ 30ലേക്ക് മാറ്റുകയായിരുന്നു. ജൂലൈ രണ്ടിന് കേസില്‍ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലന്‍ മരിച്ച കേസിലാണ് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാല്‍ കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ അബ്ദുള്‍ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.
സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തില്‍ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീല്‍ ഫീസായി ഒന്നരക്കോടിയും ഉള്‍പ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു. ഇതിനിടെ അബ്ദുള്‍ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും റിയാദില്‍ ജയിലില്‍ എത്തി റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാത്തിരിപ്പ് ഗുണകരമാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് റഹീമിന്റെ കുടുംബവും, നാട്ടുകാരും.