പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പരിപാടിയുടെ ക്രമീകരണ ചുമതല ഇവന്‍റ് മാനേജര്‍ക്കായിരുന്നു.
കലൂരില്‍ ഉമ തോമസ് എംഎല്‍എ വീണ് പരുക്ക് പറ്റിയ സംഭവത്തില്‍ നൃത്ത പരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാര്‍ ആണ് കസ്റ്റഡിയിലായത്. പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പരിപാടിയുടെ ക്രമീകരണ ചുമതല ഇവന്‍റ് മാനേജര്‍ക്കായിരുന്നു.
സംഭവമുണ്ടായതിന് പിന്നാലെ തന്നെ ഇവന്റ് കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഘാടകര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘാടകരോട് ഇന്ന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും സംഘാടകര്‍ പൊലീസിന് മുന്നില്‍ ഹാജരായിട്ടില്ല. മാത്രമല്ല സംഘാടകര്‍ ഇതിനോടകം നിയമോപദേശം തേടിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം എടുക്കാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.
ഇതിന് പിന്നാലെ തന്നെയാണ് മൃദംഗ വിഷന്‍ ജിസിഡിഎയ്ക്ക് നല്‍കിയ അപേക്ഷ പുറത്തുവന്നിരിക്കുന്നത്. അപേക്ഷയില്‍ സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങളില്ല. സെപ്തംബര്‍ 23നാണ് ജിസിഡിഎ ചെയര്‍മാന് അപേക്ഷ നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി സംഘടിപ്പിച്ച 'മൃദംഗനാദം മൃദംഗവിഷന്‍' മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്.
വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.