ബിജെപിക്ക് മലപ്പുറം ജില്ലയോട് വിരോധമില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിൻ്റെ പക്ഷം
മലപ്പുറത്തിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദപരാമർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ എന്താണ് തെറ്റെന്നായിരുന്നു കെ. സുരേന്ദ്രൻ്റെ ചോദ്യം. വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യമാണ്. ജ്യോഗ്രഫി ഒരു പ്രത്യേക രീതിയിൽ ആവുമ്പോൾ അവിടെ ജനാധിപത്യവും, മതേതരത്വവും ഉണ്ടാകില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ബിജെപിക്ക് മലപ്പുറം ജില്ലയോട് വിരോധമില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിൻ്റെ പക്ഷം. മലപ്പുറത്ത് തീവ്രവാദ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ അവിടെയുള്ള എല്ലാവരും അങ്ങനെയാണെന്ന അഭിപ്രായമില്ല. എസ്എൻഡിപി യോഗത്തിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു.
ഓർഗനൈസറിലെ വിവാദ ലേഖനത്തെക്കുറിച്ചും കെ. സുരേന്ദ്രൻ പ്രതികരിച്ചു. ക്രൈസ്തവ സഭ സ്വത്ത് സംബന്ധിച്ച ലേഖനം 2012 ൽ വന്നതാണെന്നായിരുന്നു ബിജെപി നേതാവിൻ്റെ അവകാശവാദം. അതിപ്പോൾ പുറത്ത് വിട്ട് പ്രചാരണം നടത്തുകയാണ്. വഖഫ് ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തതിൽ ജാള്യത മറക്കാൻ ആണ് വി.ഡി. സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പുതിയ ക്രൈസ്തവ പാർട്ടി രൂപീകരണ ആലോചന വന്നത് എൽഡിഎഫ് , യുഡിഎഫ് മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ അവഗണിച്ച് എൽഡിഎഫ് യുഡിഎഫ് മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഒപ്പം നിൽക്കുകയായിരുന്നെന്നും നേതാവ് ആരോപിച്ചു.
ഗോകുലം ഗോപാലനെതിരായ ഇഡി അന്വേഷണത്തിൽ മറ്റെന്തെങ്കിലും കാണേണ്ടതില്ലെന്ന് സുരേന്ദ്രൻ പറയുന്നു. ഗോകുലം ഗോപാലൻ, ആൻ്റണി പെരുമ്പാവൂർ, പൃഥ്വിരാജ് എല്ലാം മൂന്ന് നാല് വർഷമായി ആദായ നികുതി വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. 2019 മുതൽ ആരംഭിച്ച നടപടികളാണ് ഇവ. നോട്ടീസ് വരുമ്പോ എംപുരാൻ ആണെന്ന് പറയുന്നത് ശരിയല്ല. ചിലർക്ക് എംപുരാൻ വിവാദത്തിന് മുമ്പ് തന്നെ നോട്ടീസ് വന്നിരുന്നു. എംപുരാൻ ഇത് വരെ കണ്ടില്ലെന്നും ഇനി കാണുന്നുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.