ഫെബ്രുവരിയിലാണ് ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഞ്ച് പ്രതികളെയും വിചാരണ കോടതി വെറുതെ വിടുന്നത്.
നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസ് അന്വേഷണത്തില്‍ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് കോടതി. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. പിടിച്ചെടുത്ത കൊക്കെയ്ന്‍ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല.
കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിചാരണ കോടതി പറഞ്ഞു. രഹസ്യ വിവരം ലരഭിച്ചെന്ന വാദം പൊലീസ് പട്രോളിങ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു. ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ വിധിയുടെ പകര്‍പ്പ് ന്യൂസ് മലയാളത്തിന്.
ഫെബ്രുവരിയിലാണ് ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഞ്ച് പ്രതികളെയും വിചാരണ കോടതി വെറുതെ വിടുന്നത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്‌നുമായി നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30നായിരുന്നു സംഭവം. ഏഴ് ഗ്രാം കൊക്കെയ്നുമായാണ് അഞ്ച് പേരെ പിടികൂടിയത്.
ALSO READ: വിശുദ്ധ വാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായര്‍
കേസില്‍ 2018 ഒക്ടോബറിലായിരുന്നു എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. പൊലീസ് റെയ്ഡിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍ എന്നിവര്‍ ഫോണില്‍ പകര്‍ത്തിയ കൊക്കെയ്നിന്റെ ചിത്രം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് പരിശോധന ഫലവും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു.