fbwpx
'കൊളോണിയല്‍ ഭീഷണി'; യൂറോപ്പിലേക്ക് റഷ്യൻ വാതകം കൊണ്ടുപോകുന്ന യുക്രെയ്‌ന്‍ പൈപ്പ്‌ലൈനിന്റെ 'നിയന്ത്രണം' ആവശ്യപ്പെട്ട് യുഎസ്
logo

ന്യൂസ് ഡെസ്ക്

Posted : 13 Apr, 2025 10:30 AM

ധാതു കരാറുമായി ബന്ധപ്പെട്ട യുക്രെയ്ന്‍-യുഎസ് ചർച്ചകള്‍ കൂടുതല്‍ സംഘർഷഭരിതമാകുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്

WORLD


യൂറോപ്പിലേക്ക് റഷ്യൻ വാതകം കൊണ്ടുപോകുന്ന യുക്രെയ്‌ന്‍ പൈപ്പ്‌ലൈനിന്റെ നിയന്ത്രണം ആവശ്യപ്പെട്ട് യുഎസ്. ധാതു കരാറുമായി ബന്ധപ്പെട്ട് യുഎസിന്‍റെയും യുക്രെയ്‌ന്‍റെയും ഉദ്യോഗസ്ഥർ വൈറ്റ് ഹൌസില്‍ നടത്തിയ ചർച്ചയിലാണ് ഇത്തരത്തിലൊരു ആവശ്യം ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ചിരിക്കുന്നത്. ബൈഡന്‍ ഭരണകൂടം നല്‍കിയ ആയുധ സഹായത്തിന് പകരമായി യുക്രെയ്‌ന്‍റെ ധാതു സമ്പത്ത് യുഎസിന് നല്‍കണമെന്നാണ്  യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാട്. 'കൊളോണിയല്‍ അട്ടിമറി' എന്ന തരത്തിലാണ് ട്രംപ് സർക്കാരിന്‍റെ ഈ നീക്കത്തെ യുക്രെയ്ന്‍ സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്.


ധാതു കരാറുമായി ബന്ധപ്പെട്ട യുക്രെയ്ന്‍-യുഎസ് ചർച്ചകള്‍ കൂടുതല്‍ സംഘർഷഭരിതമാകുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. ആണവ, പ്രതിരോധ വ്യോമയാന മേഖലകളില്‍ നിർണായകമായ ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് യുക്രെയ്ൻ. ഈ ധാതുസമ്പത്തിന്‍റെ 50 ശതമാനം അമേരിക്കയ്ക്ക് നല്‍കുന്നതിന് 500 ബില്യൺ ഡോളറിന്‍റെ കരാറാണ് ട്രംപ് ആദ്യം മുന്നോട്ടുവെച്ചത്. യുക്രെയ്‌ന് നൽകി വരുന്ന ആയുധ- സാമ്പത്തിക സഹായത്തിന് പകരമായിരുന്നു കരാർ. എന്നാല്‍ ഇതിനും അപ്പുറത്താണ് ഇപ്പോള്‍ യുഎസ് ആവശ്യപ്പെടുന്നത്. പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ നിയന്ത്രണം യുഎസ് സർക്കാരിന്റെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന് നല്‍കണമെന്ന വ്യവസ്ഥയും പുതിയ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.


Also Read: കീവിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം; മനഃപൂര്‍വമുള്ള ശ്രമമെന്ന് ഇന്ത്യന്‍ എംബസി


പടിഞ്ഞാറൻ റഷ്യയിലെ സുഡ്‌ഷ പട്ടണത്തിൽ നിന്ന് യൂറോപ്യൻ യൂണിയന്റെയും സ്ലൊവാക്യയുടെയും അതിർത്തിയിലുള്ള,  ഏകദേശം 1,200 കിലോമീറ്റർ അകലെയുള്ള യുക്രെയ്ൻ നഗരമായ ഉഷ്‌ഹോറോഡേക്കാണ് ഈ പൈപ്പ്‌ലൈന്‍ പോകുന്നത്. സോവിയറ്റ് യൂണിയന്‍ കാലഘട്ടത്തിൽ, രാജ്യത്തെ പ്രധാന ഊർജ മാർഗമായിരുന്നു ഈ പൈപ്പ്‌ലൈൻ.


പൂർണ തോതില്‍ റഷ്യ-യുക്രെയ്‌ന്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഇരുരാജ്യങ്ങളും വാതകം വിതരണത്തിലൂടെ കോടിക്കണക്കിന് യൂറോ ആണ് സമ്പാദിച്ചിരുന്നത്.  യുദ്ധത്തിന്‍റെ ആദ്യ മൂന്ന് വർഷങ്ങളിലും ഇത് തുടർന്നിരുന്നു. എന്നാല്‍, റഷ്യൻ സ്റ്റേറ്റ് എനർജി കമ്പനിയായ ഗാസ്പ്രോമുമായുള്ള അഞ്ച് വർഷത്തെ കരാർ അവസാനിച്ചപ്പോൾ ജനുവരി ഒന്നിന് യുക്രെയ്ൻ വാതക വിതരണം നിർത്തിവെച്ചു.


Also Read: 'ടെക് കമ്പനികളെ ബാധിക്കുമെന്ന ഭയം'; സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഉയര്‍ന്ന തീരുവയിൽനിന്ന്‌ ഒഴിവാക്കി ട്രംപ് ഭരണകൂടം


അതേസമയം, വെള്ളിയാഴ്ച, ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌ക്കോഫ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തി. സംഘർഷങ്ങള്‍ അവസാനിപ്പിക്കാനായി നാല് യുക്രെയ്‌ന്‍ പ്രവിശ്യകൾ വിട്ടുനൽകാനാണ് ചർച്ചയില്‍ റഷ്യ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ നിയന്ത്രണത്തിലുള്ളതും ഒരു ദശലക്ഷം ആളുകൾ താമസിക്കുന്നതുമായ പ്രദേശം ഉൾപ്പെടെയാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്.


KERALA
മലപ്പുറത്ത് വീട്ടുമുറ്റത്ത് ചാർജ് ചെയ്യാൻ വെച്ച ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
Also Read
user
Share This

Popular

KERALA
MOVIE
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; സംഭവം ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയപ്പോൾ