കേന്ദ്രത്തിൻ്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്ന വാദം
നിയമസഭകള്‍ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടിയില്‍ പുനഃപരിശോധന ഹർജി നൽകാൻ കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹർജി നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിൻ്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്ന വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും ഹർജി നൽകുക.
തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ ഡോ. ആര്‍.എന്‍. രവി വിസമ്മതിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ്, ഏപ്രില്‍ എട്ടിന്, സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചത്. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവർണർക്ക് നൽകുന്നില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണ് ഉളളത്. ബില്ലിന് അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ലെന്നും ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയയ്ക്കണം. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നുമായിരുന്നു കോടതി വിധി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാർ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കുള്ള സമയപരിധി മൂന്നാഴ്ചയായിരിക്കും.
Also Read: മുംബൈ ഭീകരാക്രമണം: തഹാവൂർ റാണ നിർദേശം നൽകിയത് ഫോണിലൂടെ? ശബ്ദ സാമ്പിൾ ശേഖരിക്കാനൊരുങ്ങി NIA
ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബന്ധപ്പെട്ട മന്ത്രാലയം 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറയുന്നു. ഒരു മാസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രാലയത്തിന് ബില്ലില്‍ നിലപാടില്ലെന്ന് കണക്കാക്കും. ബില്ലുകള്‍ ഒപ്പിടുന്നതിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനാണ് സമയപരിധിയെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഏപ്രില്‍ എട്ടിനാണ് ഇത്തരത്തിലൊരു വിധി പുറപ്പടുവിച്ചത്.