സിപിഐഎമ്മിനൊപ്പം പോകും എന്ന് കരുതിയിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം അപ്രതീക്ഷിതമായിരുന്നു
സന്ദീപ് വാര്യർ കോൺഗ്രസിനൊപ്പം ചേർന്നതോടെ ആശങ്കയിലാണ് ബിജെപി നേതൃത്വം. ഒരു ചലനവും സന്ദീപിന് ഉണ്ടാക്കാനാകില്ലെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ജില്ലയിൽ പാർട്ടിയുമായി അഭിപ്രായ ഭിന്നതയുള്ള മറ്റാരെങ്കിലും പാർട്ടി വിടുമോ എന്ന ഭീതിയിലാണ് നേതാക്കൾ.
സിപിഐഎമ്മിനൊപ്പം പോകും എന്ന് കരുതിയിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടിയെടുക്കാം എന്ന് കരുതിയ ബിജെപി സംസ്ഥാന നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു നീക്കങ്ങൾ. പരസ്യമായി നേതാക്കൾ പരിഹസിക്കുകയും പാർട്ടിക്കുള്ളിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് പറയുകയും ചെയ്യുമ്പോഴും നേതൃത്വത്തിന് ചില ആശങ്കകളുണ്ട്. അതിൻ്റെ ആദ്യ പടിയായിരുന്നു സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെയുള്ള കെ. സുരേന്ദ്രൻ്റെ മേലാമുറി മാർക്കറ്റിലെ വോട്ടഭ്യർത്ഥനയും മറുപടിയും.
ഒറ്റക്കെട്ടാണെന്ന് പുറത്ത് പറയുമ്പോഴും ബിജെപിയിലെ അടിത്തട്ടിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പാലക്കാട് നഗരസഭയിലെ ചില കൗൺസിലർമാരും ബിഎംഎസിലെ ഒരു വിഭാഗവും നേതൃത്വത്തിനെതിരാണ്. അനുനയ നീക്കങ്ങൾ പലകുറി നടത്തിയെങ്കിലും ഫലമുണ്ടായിടില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇത്തരം ആളുകളെ മറുകണ്ടം ചാടിക്കാൻ സന്ദീപ് ശ്രമിക്കുമോ എന്നതാണ് പ്രധാന ആശങ്ക.
ഒപ്പം കൊടകരയുമായി ബന്ധപ്പെട്ട് ഏതെങ്കിലും വെളിപ്പെടുത്തലുകൾ നടത്തിയാൽ അത് കെ. സുരേന്ദ്രനും പാർട്ടിക്കും തിരിച്ചടിയാകും. ശോഭ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിലെ കരുനീക്കങ്ങൾ തുറന്നു പറഞ്ഞാൽ ശോഭയ്ക്കൊപ്പം നിൽക്കുന്നവർ നേതൃത്വത്തിനെതിരെ തിരിഞ്ഞേക്കും. അതുകൊണ്ടുതന്നെ സന്ദീപിനെ പ്രകോപിപ്പിക്കാതെ അടുത്ത നിക്കങ്ങൾ നിരീക്ഷിക്കുകയാണ് നേതൃത്വം.
അതേസമയം, ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇന്ന് മലപ്പുറത്തെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിക്കും. രാവിലെ 8.30ന് പാണക്കാട് എത്തുന്ന സന്ദീപ് വാര്യർക്കൊപ്പം ജില്ലയിലെ കോൺഗ്രസ് നേതാക്കളും സന്ദർശനം നടത്തും. പി.കെ. കുത്താലിക്കുട്ടി, പി.എം.എ. സലാം തുടങ്ങിയ ലീഗ് നേതാക്കളുമായും സന്ദീപ് വാര്യർ പാണക്കാട് വെച്ച് കൂടിക്കാഴ്ച്ച നടത്തും.
ALSO READ: സന്ദീപ് വാര്യർ പാലക്കാട് വേരോട്ടമുള്ള നേതാവാണെന്ന് കെ സുധാകരൻ; ശിഖണ്ഡിയോടുപമിച്ച് കെ. സുരേന്ദ്രൻ