മുകേഷ് വിഷയം, മന്ത്രിസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട പരാമർശം എന്നിവയിലാണ് നേതാക്കളുടെ അതൃപ്തി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നടപടികളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. മുകേഷുമായി ബന്ധപ്പെട്ട വിഷയം, മന്ത്രിസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട പരാമർശം എന്നിവയിലാണ് നേതാക്കളുടെ അതൃപ്തി. സുരേഷ് ഗോപി പാർട്ടിയെ വെട്ടിലാക്കുന്നുവെന്നാണ് ബിജെപി ഉയർത്തുന്ന പ്രധാന ആരോപണം. പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകണമോ എന്ന കാര്യം ആലോചിക്കുകയാണെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസ്ഥാന സംഘടനാ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്നില്ലെന്നതാണ് ബിജെപി ഉയർത്തുന്ന പ്രധാന ആരോപണം. സിപിഎം നേതാവായ എം മുകേഷിനെ സുരേഷ് ഗോപി പിന്തുണച്ചത് കഴിഞ്ഞ ദിവസം പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു.
ALSO READ: മുകേഷ് രാജിവയ്ക്കണം, ബിജെപി നിലപാടിൽ മാറ്റമില്ല; സുരേഷ് ഗോപിയെ തള്ളി സംസ്ഥാന നേതൃത്വം
മുകേഷ് ഒഴിയേണ്ടതില്ലെന്ന തരത്തിലുള്ള സുരേഷ് ഗോപിയുടെ നിലപാട് തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. മുകേഷിൻ്റെ കാര്യം കോടതി നോക്കിക്കോളുമെന്നും വിവാദങ്ങൾ മാധ്യമങ്ങൾക്കുള്ള തീറ്റയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ മുകേഷിൻ്റെ രാജി തന്നെയാണ് പാർട്ടിയുടെ ആവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ചലച്ചിത്രനടൻ എന്നുള്ള നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടിയുടെ നിലപാട് പറയേണ്ടത് അധ്യക്ഷനാണെന്നും സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാടെന്നും കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പാർട്ടി നിലപാട് പറയേണ്ടത് സംസ്ഥാന അധ്യക്ഷനാണെന്ന് വ്യക്തമാക്കികൊണ്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിപ്പെഴുതി. ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശും സമാന രീതിയിൽ അഭിപ്രായവുമായി രംഗത്തെത്തി. മാധ്യമങ്ങളോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണവും പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. വിഷയത്തെ കുറിച്ച് സുരേഷ് ഗോപിയോട് ചോദിക്കണമെന്നും അതിൽ അഭിപ്രായങ്ങളില്ലെന്നുമായിരുന്നു ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി.
തൃശൂർ എംപി ആയ ഉടനെ നേതാവ് നടത്തിയ പരാമർശങ്ങളിലും പാർട്ടിക്ക് വലിയ അതൃപ്തി ഉണ്ടായിരുന്നു. പാർട്ടി ദേശീയ തലത്തിൽ അടിയന്തരാവസ്ഥ ചർച്ച ചെയ്യുമ്പോൾ ഇന്ദിരാഗാന്ധിയെ രാഷ്ട്രമാതാവ് എന്ന് വിശേഷിപ്പിച്ചതും കെ. കരുണാകരനെ അനുകൂലുച്ചുകൊണ്ടുള്ള പരാമർശങ്ങളും ബിജെപി നിലപാടുകൾക്ക് വിരുദ്ധമാണെന്ന് പാർട്ടി അന്ന് വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിവാദമായി. കേന്ദ്രമന്ത്രി സ്ഥാനം ഒഴിവാകുകയാണെങ്കിൽ ആശ്വാസമാണെന്ന തരത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. കേന്ദ്രമന്ത്രി സ്ഥാനം ലാഘവത്തോടെ വലിച്ചെറിഞ്ഞെന്ന തരത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവനെന്നായിരുന്നു ബിജെപിയുടെ പക്ഷം.
ALSO READ: 'സിനിമാ വിവാദം മാധ്യമങ്ങള്‍ക്ക് കിട്ടിയ തീറ്റ'; തട്ടിക്കയറി സുരേഷ് ഗോപി
അതേസമയം തനിക്ക് മുകളിൽ നരേന്ദ്രമോദിയും അമിത്ഷായും മാത്രമേയുള്ളു എന്ന് പല തവണയായി പറഞ്ഞ സുരേഷ് ഗോപിക്കെതിരെ സംസ്ഥാന നേതൃത്വം ഉയർത്തുന്ന വിമർശനങ്ങൾ എത്രത്തോളം ഫലവത്താവുമെന്നതിൽ സംശയമുണ്ട്. അതിനാൽ പരസ്യമായി സുരേഷ് ഗോപിക്കെതിരെ പാർട്ടി നടപടികൾ സ്വീകരിക്കുമോ എന്നത് വ്യക്തമല്ല.