ചുരിദാറിനും പാൻ്റിനും മുകളിൽ മുണ്ട് ഉടുക്കുന്ന രീതി മാറ്റണം എന്നും ഗുരുധർമ്മ പ്രചാരണസഭ ആവശ്യപ്പെട്ടു. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയാണ് ഗുരുധർമ്മ പ്രചാരണ സഭ.
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രതിഷേധിക്കാൻ ഗുരുധർമ്മ പ്രചാരണ സഭ. മറ്റന്നാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് പ്രതിഷേധ യാത്ര നടത്തും. ചുരിദാറിനും പാൻ്റിനും മുകളിൽ മുണ്ട് ഉടുക്കുന്ന രീതി മാറ്റണമെന്നും ഗുരുധർമ്മ പ്രചാരണസഭ ആവശ്യപ്പെട്ടു. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയാണ് ഗുരുധർമ്മ പ്രചാരണ സഭ.
ഇക്കാര്യങ്ങൾ വ്യക്തമാക്കി ദേവസ്വം ബോർഡിന് നിവേദനം നൽകാനാണ് തീരുമാനം. ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്കരണ യാത്ര നടത്താനും ഗുരുധർമ്മ പ്രചാരണസഭ തയ്യാറെടുക്കുകയാണ്. 17നാണ് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്കരണ യാത്ര നടത്തുക. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി യാത്രയ്ക്ക് നേതൃത്വം നൽകും
ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം മാറ്റണമെന്ന രീതി അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി നേരത്തേ പറഞ്ഞിരുന്നു. മുമ്പ് ഷർട്ട് ഊരിച്ചത് പൂണൂൽ ഉണ്ടോ എന്നറിയാനാണ്. ഇതിന് മാറ്റം വേണമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. 92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മഹാസമ്മേളന ഉദ്‌ഘാടന വേദിയിലായിരുന്നു ഈ പരാമർശം.
സച്ചിദാനന്ദ സ്വാമിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും അന്ന് അതേ വേദിയിൽ പ്രതികരിച്ചിരുന്നു. ക്ഷേത്രങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ സനാതന ധർമ്മത്തിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സമ്മേളനത്തിലെ പരാമർശങ്ങൾ പിന്നീട് വലിയ ചർച്ചയായി മാറി. നിരവധിപ്പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്. എന്നാൽ ക്ഷേത്രങ്ങളിൽ പുരുഷന്മാർ മേൽ വസ്ത്രമഴിച്ച് കയറേണ്ടെന്ന നിബന്ധന ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉടൻ നടപ്പാക്കില്ലെന്നും, ഒഴിവാക്കുന്ന കാര്യം ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുടെ അഭിപ്രായം വിപ്ലവകരമാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ എൻഎസ്എസ് ഉൾപ്പെടെ ചില സമുദായ സംഘടനകൾ വിഷയത്തെ എതിർക്കുകയും മുഖ്യമന്ത്രിയെ വിമർശിക്കുകയും ചെയ്തു. എന്നാൽ ശിവഗിരിമഠം പിന്നോട്ട് പോയില്ല, സച്ചിദാനന്ദ സ്വാമികൾ നിലപാടിൽ ഉറച്ചുനിന്നു.ഇപ്പോൾ വിഷയം വീണ്ടും ചർച്ചയാക്കുകയാണ് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കുള്ള യാത്രയോടെ വിഷയം വീണ്ടും ചർച്ചയാകുമെന്നുറപ്പാണ്.മേൽവസ്ത്രത്തിനൊപ്പം ക്ഷേത്രങ്ങളിൽ മറ്റുചില പരിഷ്കരണങ്ങൾ കൂടി ഗുരുധർമ്മ പ്രചരണ സഭ ആവശ്യപ്പെടുന്നുണ്ട്.ശബരിമലയിലേതുൾപ്പെടെ ശാന്തി നിയമനത്തിൽ സമുദായ പരിഗണന ഒഴിവാക്കണമെന്നതാണ് ഒന്ന്. ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ ജനസംഖ്യാനുപാതികമായി വേണമെന്നും സഭ നിവേദനത്തിൽ ആവശ്യപ്പെടും.