fbwpx
പവിത്രനും ഗോപന്‍ സ്വാമിയും; കൈയ്യടിക്കേണ്ട ശാസ്ത്രബോധവും, ചോദ്യം ചെയ്യപ്പെടേണ്ട വിശ്വാസ ജല്പനങ്ങളും
logo

എസ് ഷാനവാസ്

Last Updated : 15 Jan, 2025 05:13 PM

ശാസ്ത്രബോധത്തെയും യുക്തിയെയുമൊക്കെ ചോദ്യം ചെയ്യുന്ന വിശ്വാസ ജല്പനങ്ങള്‍ക്കല്ല ഭരണകൂടം ചെവികൊടുക്കേണ്ടത്

KERALA




കഴിഞ്ഞ ദിവസം കേരളം ശ്രദ്ധിച്ച രണ്ട് വാര്‍ത്തകള്‍. മനുഷ്യജീവനുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങള്‍. മരിച്ചെന്ന് കരുതിയയാളില്‍ ജീവന്റെ തുടിപ്പ് കണ്ട്, അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു സംഘം ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശ്രമമാണ് ഒന്ന്. മറ്റൊന്ന്, അച്ഛന്‍ സമാധിയായെന്ന് പറഞ്ഞ്, ആരെയും കാണിക്കാതെ ശരീരം സ്ലാബിട്ട് മൂടിയ അമ്മയും മക്കളും. ഒന്ന് ശാസ്ത്രബോധത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും പ്രയോജനപ്പെടുത്തുമ്പോള്‍, മറ്റൊന്ന് ശാസ്ത്രയുക്തിയെയും നിയമവാഴ്ചയെയും നോക്കുക്കുത്തിയാക്കുകയാണ്.

കണ്ണൂര്‍ പാച്ചപ്പൊയ്ക സ്വദേശി പവിത്രനാണ് (67) എകെജി സഹകരണ ആശുപത്രിയിലെ അറ്റന്‍ഡറുടെ ജാഗ്രതയില്‍ പുതുജീവന്‍ ലഭിച്ചത്. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു പവിത്രന്‍. ശ്വസനസംബന്ധമായ അസുഖം മൂര്‍ച്ഛിച്ച പവിത്രന് മൂന്നോ നാലോ ദിവസത്തെ ആയുസ് മാത്രമാണ് ആശുപത്രി അധികൃതർ നല്‍കിയത്. ചികിത്സാച്ചെലവും അധികരിച്ചതോടെ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. വെന്റിലേറ്ററില്‍നിന്ന് മാറ്റിയാല്‍ പത്ത് മിനിറ്റിനകം മരണം സംഭവിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. ഇതോടെ, സാധാരണ ആംബുലന്‍സിലാണ് ബന്ധുക്കള്‍ പവിത്രനുമായി നാട്ടിലേക്ക് തിരിച്ചത്. യാത്രക്കിടെ, ശ്വാസവും നാഡിയിടിപ്പും നിലച്ചതായി കണ്ടെത്തിയ ബന്ധുക്കള്‍ സംസ്കാരത്തിനുള്ള സമയം ഉള്‍പ്പെടെ നിശ്ചയിച്ചു. വിവരം പത്രങ്ങള്‍ക്കും നല്‍കി. പിന്നീടായിരുന്നു നാടകീയ സംഭവങ്ങള്‍. വീട്ടിലേക്ക് കൊണ്ടുപോകാതെ, മോര്‍ച്ചറിയില്‍ സൂക്ഷിക്കാമെന്ന് കരുതി ബന്ധുക്കള്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും, മോര്‍ച്ചറി തുറക്കാനും ടെക്നീഷ്യനെ കാത്തുനില്‍ക്കുന്നതിനിടെ, അറ്റന്‍ഡറായ ജയനാണ് പവിത്രന്റെ കൈ അനങ്ങുന്നതായി കണ്ടത്. ഉടന്‍ തന്നെ ഡോക്ടറെ വിളിച്ചുവരുത്തി പള്‍സ് പരിശോധിച്ചു. ജീവന്റെ തുടിപ്പ് കണ്ടതോടെ, പവിത്രനെ വേഗം ഐസിയുവിലേക്ക് മാറ്റി. പവിത്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നതാണ് ഏറ്റവും പുതിയ വിവരം.


ALSO READ: വയോധികന്‍‌ മരിച്ചെന്ന് ബന്ധുക്കള്‍, ഇല്ലെന്ന് കണ്ടെത്തി അറ്റന്‍ഡർ; കണ്ണൂരില്‍ മോർച്ചറിയിലേക്ക് മാറ്റിയ ആള്‍ക്ക് ജീവന്‍


പ്രാദേശിക പ്രതിനിധികളും ബന്ധുക്കളുമൊക്കെയാണ് പവിത്രന്‍ മരിച്ചെന്ന് വിധിച്ചത്. ശ്വാസവും നാഡിയിടിപ്പുമൊക്കെ നിലച്ചതുനോക്കിയാണ് അത്തരമൊരു നിഗമനത്തിലേക്ക് അവരെത്തി ചേര്‍ന്നത്. അതിന്‍ പ്രകാരമാണ്, എകെജി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഡോക്ടര്‍മാര്‍ പരിശോധിച്ച് ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കില്‍ മാത്രമേ, ഒരു മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ പറ്റുകയുള്ളൂ. അതിനുള്ള നടപടിക്രമങ്ങള്‍ക്കായാണ് പവിത്രനെ ആംബുലന്‍സില്‍ നിന്നിറക്കി മോര്‍ച്ചറിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍, പരിശോധന ആരംഭിക്കുംമുമ്പേ, ആ ശരീരത്തില്‍ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് അതിവേഗം ഇടപെടാന്‍ സാധിച്ചതാണ് പവിത്രന് രക്ഷയായത്. അറ്റന്‍ഡര്‍ ജയന്റേതായിരുന്നു നിര്‍ണായകമായ ഇടപെടല്‍. കൈയുടെ അനക്കം കണ്ടയുടന്‍, അത് ജീവന്റെ തുടിപ്പാണെന്ന് മനസിലാക്കാന്‍ ജയന് സാധിക്കുന്നു. മെഡിക്കല്‍ സയന്‍സിലും ആധുനിക ചികിത്സയിലുമുള്ള വിശ്വാസം മാത്രമാണ് പ്രതീക്ഷയുടെ അവസാന കണികയിലെങ്കിലും ഇടപെടാന്‍ ജയനെ പ്രേരിപ്പിച്ചത്. മനുഷ്യായുസിനെക്കുറിച്ച് പ്രവചിക്കാനോ അനുമാനിക്കാനോ സാധ്യമല്ലെങ്കിലും, യഥാസമയത്തുള്ള ചില ഇടപെടലുകള്‍ ഒരാളെ മരണത്തില്‍നിന്ന് രക്ഷിച്ചേക്കുമെന്ന് പവിത്രന്റെ സംഭവം അടിവരയിടുന്നു.

നെയ്യാറ്റിന്‍കരയിലേക്ക് എത്തുമ്പോള്‍, ഇത്തരം സാധ്യതകളെല്ലാം റദ്ദ് ചെയ്യപ്പെടുന്നതായി കാണാം. അവിടെ ശാസ്ത്രയുക്തിക്ക് പകരം വിശ്വാസവും ആചാരവുമാണ് സകലത്തിനെയും നിയന്ത്രിച്ചതും, നിയന്ത്രിക്കുന്നതും. ആറാലുംമൂട്ടിലെ ഗോപന്‍ സ്വാമിയെ സമാധിയായെന്ന് അവകാശപ്പെട്ട് മകന്‍ മറവ് ചെയ്ത്, കല്ലറയ്ക്കു മുകളില്‍ സ്ലാബ് സ്ഥാപിക്കുന്നു. വീടിനോട് ചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രം നിര്‍മിച്ച്, അവിടെ പൂജകള്‍ ചെയ്തുവന്നിരുന്ന ഗോപന്‍ മരിച്ചതോ, സംസ്കാര ചടങ്ങുകളോ സമീപവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. ജനുവരി ഒമ്പതിന് വീടിന്റെ പരിസരങ്ങളില്‍ മക്കള്‍ പതിച്ച 'സമാധി' പോസ്റ്ററുകളില്‍ നിന്നാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കി. അതേസമയം, അച്ഛന്‍ കുറിച്ചു തന്ന സമയവും കര്‍മങ്ങളും നോക്കിയാണ് സമാധി നടത്തിയതെന്നായിരുന്നു പൂജാരിയായ മകന്‍ രാജശേഖരന്റെ വിശദീകരണം. സമാധിയാകുന്നത് മകനല്ലാതെ മറ്റാരും കാണാന്‍ പാടില്ല. മരിച്ച വിവരം സമാധിക്കുശേഷമേ നാട്ടുകാരെ അറിയിക്കാവൂ എന്ന് അച്ഛന്‍ പറഞ്ഞിരുന്നതായും മകന്‍ പറയുന്നു. അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലെത്തിയത്. സമാധിപീഠം നേരത്തെ തന്നെ അച്ഛന്‍ നിര്‍മിച്ചിരുന്നു. നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചശേഷമാണ് സമാധിയായതെന്നുമാണ് മകന്റെ വാദം. രാജശേഖരനെ കൂടാതെ, മറ്റൊരു മകനായ സനന്ദനും അമ്മയും മരുമകളുമാണ് ഗോപന്റെ വീട്ടിലുള്ളത്. നാലുപേരും സമാധി വാദത്തില്‍ ഉറച്ചുനിന്നു. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസെത്തിയെങ്കിലും, അമ്മയും മക്കളും കല്ലറയ്ക്കുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കല്ലറ തുറന്നു പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഉത്തരവിട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയതോടെ അതും നടന്നില്ല. അതിനിടെ, സമാധി പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച കോടതി, കല്ലറ തുറക്കുന്നത് തടയാനാകില്ലെന്നും വ്യക്തമാക്കി.


ALSO READ: 'സമാധി' വിവാദത്തിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് ഗോപൻ സ്വാമിയുടെ ഭാര്യ


അടിമുടി ദുരൂഹത നിറഞ്ഞതാണ് ഗോപന്റെ മരണം. സമാധി സംബന്ധിച്ച കുടുംബാംഗങ്ങളുടെ മൊഴിയില്‍ തന്നെ വൈരുധ്യമുണ്ട്. അച്ഛന്‍ സമാധി സമയം കുറിച്ചു തന്നിരുന്നുവെന്നും നടന്നാണ് സമാധി പീഠത്തിലേക്ക് എത്തിയതെന്നും കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നുമാണ് മക്കളുടെ മൊഴി. സമാധിയാകുന്നത് മകനല്ലാതെ മറ്റാരും കാണാന്‍ പാടില്ലെന്നും പൂജാരി കൂടിയായ മകന്‍ പറയുന്നു. എന്നാല്‍, സമാധിയായെന്ന് മക്കള്‍ പറയുന്നതിന് മൂന്ന് ദിവസം മുമ്പ് ഗോപന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷുഗറിനും ബി.പിക്കുമുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അതീവഗുരുതരാവസ്ഥയിലായിരുന്ന ഗോപന്‍ കിടപ്പിലായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. മാത്രമല്ല, ഗോപന്‍ മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നു എന്നിങ്ങനെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇവയൊന്നും മക്കളുടെ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല. ഗോപന്റെ ഭാര്യയും മക്കളും വാദിക്കുന്ന സമാധിയുടെയും, വിശ്വാസത്തിന്റെയും അളവുകോലില്‍ നോക്കിയാലും പൊരുത്തക്കേടുകള്‍ ഏറെയുണ്ട്. ഈശ്വരചിന്തയിലാണ്ടിരിക്കുമ്പോള്‍, ജീവന്‍ ശരീരത്തില്‍നിന്ന് വേര്‍പെടുന്ന അവസ്ഥയ്ക്കാണ് സമാധി എന്ന് പറയുന്നത്. അതുകൊണ്ട് ഷുഗറിനും ബി.പിക്കുമുള്ള ഗുളിക കഴിച്ച് സമാധിയാകാന്‍ തയ്യാറെടുക്കുന്ന ആളെക്കുറിച്ചുള്ള മകന്റെ വെളിപ്പെടുത്തലുകള്‍ പൊരുത്തപ്പെടുന്നതല്ല. ഭാഗ്യമരണമായി കണക്കാക്കുന്ന സമാധിയെ രഹസ്യമാക്കി വെക്കേണ്ടതുമില്ല. സംഭവത്തിന് വര്‍ഗീയനിറം നല്‍കി രക്ഷപെടാനുള്ള ശ്രമങ്ങളും സജീവമാണ്. മുസ്ലീങ്ങളായ ആളുകളാണ് തങ്ങളുടെ വിശ്വാസത്തിനും ആചാരത്തിനും എതിര്‍ നില്‍ക്കുന്നതെന്നാണ് ഗോപന്റെ ഭാര്യയുടെയും മക്കളുടെയും വാദം. സമാധി എന്താണെന്ന് മനസിലാകാത്തതുകൊണ്ടാണ് പരാതിയും പൊലീസ് ഇടപെടലുമെന്ന വാദവുമായി ഹൈന്ദവ സംഘടനകളും വ്യക്തികളുമൊക്കെ എത്തിയതോടെ, സാഹചര്യം സംഘര്‍ഷഭരിതമായി.


ALSO READ: സമാധി വിവാദം: ഗോപന്‍ എങ്ങനെ മരിച്ചു? അതാര് അംഗീകരിച്ചു? അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി


ഗോപന്റെ മരണം സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്. മരിച്ചശേഷം അടക്കിയതാണോ അതോ മരണാസന്നനായപ്പോള്‍ തന്നെ കല്ലറയില്‍ കൊണ്ടിരുത്തി മൂടിയതാണോ എന്ന് അറിയേണ്ടതുണ്ട്. കല്ലറയില്‍ കൊണ്ടിരുത്തിയശേഷമാണ് മരണം സംഭവിച്ചതെങ്കില്‍, കേസിന്റെ സ്വഭാവവും മാറും. സ്വഭാവിക മരണം എന്നത് കൊലപാതകം എന്ന ഗൗരവമേറിയ കുറ്റകൃത്യമായി മാറും. ഇത് രണ്ടും അല്ലാതെ ആത്മഹത്യ എന്നൊരു സാധ്യതയും അവശേഷിക്കുന്നുണ്ട്. ഇതൊക്കെ അറിയാന്‍, കല്ലറ പൊളിച്ചുള്ള പരിശോധനയും പോസ്റ്റ്മോര്‍ട്ടവുമൊക്കെ അനിവാര്യമാണ്. അത് വൈകുന്നത് കേസ് അന്വേഷണത്തെ സാരമായി ബാധിക്കും. ശരീരം ജീര്‍ണിക്കുംതോറും മരണകാരണം കണ്ടെത്താനുള്ള സാധ്യത കുറഞ്ഞുകൊണ്ടിരിക്കും. അതിനാല്‍, ശാസ്ത്രബോധത്തെയും യുക്തിയെയുമൊക്കെ ചോദ്യം ചെയ്യുന്ന വിശ്വാസ ജല്പനങ്ങള്‍ക്കല്ല ഭരണകൂടം ചെവികൊടുക്കേണ്ടത്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരുപറഞ്ഞ് വര്‍ഗീയ കാര്‍ഡിറക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കു മുന്നില്‍ നിയമവാഴ്ച നടപ്പാക്കുകയാണ് പ്രധാനം. ആരെയും പ്രതി ചേര്‍ക്കാനല്ല, ചില സത്യങ്ങള്‍ തെളിയിക്കപ്പെടേണ്ടത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണ്. ഇതുപോലുള്ള 'സമാധി വാദങ്ങള്‍ക്ക്' ഇവിടെ സ്ഥാനമില്ലെന്ന് ഉറപ്പാക്കേണ്ടതും ഭരണകൂടത്തിന്റെ കടമയാണ്.

Also Read
user
Share This

Popular

KERALA
NATIONAL
"പുകഴ്ത്തൽ മാധ്യമങ്ങൾക്ക് വിഷമമുണ്ടാക്കും, വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നയാളല്ല"; സ്തുതിഗീത വിവാദത്തിൽ മറുപടി നൽകി മുഖ്യമന്ത്രി