രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്
മണിപ്പൂരിൽ ജിരിബാം ജില്ലയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ ആറ് മെയ്തെയ്‌കളിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ജിരി നദിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഈ കഴിഞ്ഞ നവംബർ 11നാണ് സായുധധാരികൾ ബോരാബക്രയിൽ പൊലീസ് സ്റ്റേഷനും സിആർപിഎഫ് പോസ്റ്റും ആക്രമിച്ചത്. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ ക്യാമ്പ് ആക്രമിച്ച് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തട്ടികൊണ്ട് പോവുകയായിരുന്നു. ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് കാണാതായത്. കാണാതായവർക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മണിപ്പൂർ അസം അതിർത്തിയിൽ ജിരി നദിക്ക് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം അസമിലെ കചർ ജില്ലയിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇതിനിടെ, തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാൽ താഴ്വരയിൽ ആയിരങ്ങൾ പ്രതിഷേധം നടത്തി. ജിരിബാമിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 ഹമാർ ഗോത്രവിഭാഗക്കാർക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇംഫാലിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾക്ക് മുന്നിലും പ്രതിഷേധക്കാർ പ്രകടനം നടത്തി. എംഎൽഎയുടെ വീടുകൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ഭരണകൂടം ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ എന്നിവ അധികൃതർ നിർത്തിവച്ചിരിക്കുകയാണ്.