ബോക്‌സ് ഓഫീസ് നമ്പറുകള്‍ക്ക് വേണ്ടി മാത്രം സിനിമ ചെയ്താല്‍ അത് കച്ചവടം മാത്രമാകും. സിനിമ കച്ചവടം മാത്രമല്ല കല കൂടിയാണെന്നും ചാക്കോച്ചന്‍ അഭിപ്രായപ്പെട്ടു
ബോക്‌സ് ഓഫീസ് നമ്പറുകളല്ല മറിച്ച് സമൂഹത്തില്‍ സിനിമയുണ്ടാക്കുന്ന മാറ്റമാണ് പ്രധാനമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. ബോക്‌സ് ഓഫീസ് നമ്പറുകള്‍ക്ക് വേണ്ടി മാത്രം സിനിമ ചെയ്താല്‍ അത് കച്ചവടം മാത്രമാകും. സിനിമ കച്ചവടം മാത്രമല്ല കല കൂടിയാണെന്നും ചാക്കോച്ചന്‍ അഭിപ്രായപ്പെട്ടു.
'ബോക്‌സ് ഓഫീസ് വിജയം തീര്‍ച്ചയായും പ്രധാനമാണ്. അതല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ നുണ പറയുകയാണെന്ന് പറയേണ്ടി വരും. സിനിമയുണ്ടാക്കുന്ന ആരും പ്രേക്ഷകര്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് ചെയ്യുന്നത്. അല്ലാതെ അവര്‍ക്ക് സ്വയം കാണാനല്ല. പക്ഷെ നിങ്ങള്‍ ഒരു സിനിമ തിയേറ്ററിന് വേണ്ടി നിര്‍മിച്ചാല്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തണം എന്ന് തന്നെയായിരിക്കും നമ്മുടെ ആഗ്രഹം. അവര്‍ തിയേറ്ററിലെത്തുകയും സിനിമയെ സ്വീകരിക്കുകയും എന്റര്‍ടെയിന്‍ ചെയ്യുകയും വേണം. ഹൗസ്ഫുള്‍ ഷോകള്‍ കാണുന്നത് നമുക്ക് രോമാഞ്ചം നല്‍കുന്നു. അതിനാണ് നമ്മള്‍ ജീവിക്കുന്നത് തന്നെ', കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ALSO READ: ഇച്ചാക്കയ്ക്ക് 'BEST WISHES'; ബസൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
'ഒരു എന്റര്‍ട്ടെയിനര്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രതികരണം പ്രധാനപ്പെട്ടതാണ്. അവാര്‍ഡുകളും പ്രധാനപ്പെട്ടത് തന്നെയാണ്. പക്ഷെ ഞാന്‍ പ്രാധാന്യം നല്‍കുന്നത് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ക്കാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തിയേറ്ററിലും ഒടിടിയിലും വലിയ ഹിറ്റായിരുന്നു. അത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്', എന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.
'പിന്നെ ബോക്‌സ് ഓഫീസിനാണ് ഇക്കാലത്ത് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസ് അത്രയ്ക്ക് പ്രധാനമാണെന്ന് എനിക്ക് അഭിപ്രായമില്ല. സിനിമ പ്രേക്ഷകന്റെ മനസില്‍ ഇടം പിടിച്ചോ എന്നും സിനിമ സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റവുമാണ് അതിനേക്കാള്‍ പ്രധാനം. ബോക്‌സ് ഓഫീസ് നമ്പര്‍ ഒരു ബോണസ് മാത്രമാണ്. സാമ്പത്തിക കാര്യത്തിന് വേണ്ടി മാത്രം സിനിമ പ്രമോട്ട് ചെയ്യുന്നത് അതിനെ വെറും കച്ചവടമാക്കി മാറ്റുന്നു. സിനിമ വെറും കച്ചവടം മാത്രമല്ല, കല കൂടിയാണ്', ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.