വെള്ളിയാഴ്ച കിരണിൻ്റെ വീട്ടിലേക്ക് അമ്മയെ കാണാൻ എത്തിയപ്പോൾ കെണി വെച്ച് ഷോക്കടിപ്പിച്ച് കൊല്ലാനായിരുന്നു കിരണിൻ്റെ പദ്ധതി
ആലപ്പുഴ പുന്നപ്രയിൽ ക്രൂരകൊലപാതകം. അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശനാണ് കൊല്ലപ്പെട്ടത്. പ്രതി കിരൺ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ശനിയാഴ്ചയോടെ ദിനേശനെ വീടിനടുത്തുള്ള പുന്നപ്ര വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആദ്യം നാട്ടുകാർ മദ്യപിച്ച് കിടക്കുന്നതായായാണ് കരുതിയത്. അതിനാൽ ഗൗരവത്തിലെടുത്തിരുന്നില്ല. തുടർന്നും അവിടെ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ദിനേശൻ മരിച്ചു എന്ന് സ്ഥിരീകരിച്ചു. പൊലീസ് മൃതദേഹം ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിക്കുകയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ ദിനേശൻ്റെ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു.
ആദ്യം തന്നെ ഒറ്റപ്പെട്ട മേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്നലെ വൈകീട്ടോടെ പുറത്തുവന്നപ്പോഴാണ് ഇതൊരു കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ഇലക്ട്രിക് ഷോക്കേറ്റാണ് ദിനേശൻ കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തി. തുടർന്ന് ദിനേശൻ്റെ അയൽവാസിയായ കിരണിലേക്ക് അന്വേഷണം നീളുകയായിരുന്നു. പിന്നീടാണ് കിരണിൻ്റെ അമ്മയുമായി ദിനേശന് സുഹൃദ്ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംശയം പൂർത്തീകരിച്ചത്. കിരണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
കിരൺ ഇലക്ട്രിക് ജോലികൾ ചെയ്യുന്ന ആളാണ്. വെള്ളിയാഴ്ച കിരണിൻ്റെ വീട്ടിലേക്ക് അമ്മയെ കാണാൻ എത്തിയപ്പോൾ കെണി വെച്ച് ഷോക്കടിപ്പിച്ച് കൊല്ലാനായിരുന്നു കിരണിൻ്റെ പദ്ധതി. കിരൺ ഇലക്ട്രിക് വയറുകൾ ഉപയോഗിച്ച് കെണി ഒരുക്കുകയും അതിൽ ദിനേശൻ പെടുകയുമായിരുന്നു. ആദ്യം ഷോക്കടിപ്പിച്ച് അവിടെ വീണ ദിനേശനെ, വീണ്ടും ഷോക്കടിപ്പിച്ചാണ് കിരൺ കൊലപ്പെടുത്തിയത്. തുടർന്ന് ദിനേശിൻ്റെ മൃതദേഹം കിരൺ തന്നെ അടുത്തുള്ള വയലിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ദിനേശിൻ്റെ മരണം കിരണിൻ്റെ പിതാവും മാതാവും അറിഞ്ഞിരുന്നെങ്കിലും ഇവർ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് കിരൺ. മരണവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് കിരണിൻ്റെ പിതാവിനെയും മാതാവിനെയും പൊലീസ് പ്രതി ചേർക്കും.