കഴിഞ്ഞ ഡിസംബറിലാണ് വടകര അപകടത്തിന് കാരണമായ സ്വിഫ്റ്റ് കാറും പ്രതിയെയും പൊലീസ് കണ്ടെത്തിയത്
അപകടത്തിന് കാരണമായ വാഹനം, ദൃഷാന
വടകരയിൽ ഒൻപത് വയസുകാരി ദൃഷാനയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവത്തിൽ പ്രതി ഷെജിൽ പിടിയിൽ. കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് പുറമേരി സ്വദേശിയായ ഷെജിൽ പിടിയിലായത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇന്ന് തന്നെ പ്രതിയെ കൈമാറും. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ അപകടത്തിൽ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് വടകര അപകടത്തിന് കാരണമായ സ്വിഫ്റ്റ് കാറും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. അപകടം നടന്ന് ഒന്‍പത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തിയത്. തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബിയാണ് അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന മകളുടെ മകള്‍ ദൃഷാന അപകട ശേഷം കോമയിലാകുകയായിരുന്നു. പ്രതി അശ്രദ്ധമായി വണ്ടിയോടിച്ചതാണ് അപകട കാരണം. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നിട് കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ അന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചാണ് അപകടം നടന്നത്. രാത്രി ഒൻപത് മണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബേബിയേയും ദൃഷാനയെയും വെള്ളനിറത്തിലുള്ള കാര്‍ ഇടിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.