അധിക്ഷേപ കമൻ്റിട്ടതിൻ്റെ പേരിൽ സിപിഐഎം ആവോലി ലോക്കല്‍ സെക്രട്ടറി എം. ജെ. ഫ്രാൻസിസ് ക്ഷമാപണം നടത്തിയിരുന്നു
മുസ്ലിം അധിക്ഷേപ കമൻ്റിട്ടതിൻ്റെ പേരിൽ സിപിഐഎം ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ. ഫ്രാൻസിസിനെതിരെ കേസ്. ഫേസ്ബുക്ക് കമൻ്റിലൂടെ മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശത്തിലാണ് ഫ്രാൻസിസിനെതിരെ ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തത്. അധിക്ഷേപ കമൻ്റിട്ടതിൻ്റെ പേരിൽ സിപിഐഎം ആവോലി ലോക്കല്‍ സെക്രട്ടറി എം. ജെ. ഫ്രാൻസിസ് ക്ഷമാപണം നടത്തിയിരുന്നു. മുസ്ലീം മത വിഭാഗത്തെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിച്ചത് തീര്‍ത്തും തെറ്റായിപ്പോയി എന്ന് പറഞ്ഞുകൊണ്ടാണ് എം.ജെ. ഫ്രാൻസിസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
"കഴിഞ്ഞ ദിവസം സഖാവ് കെ. ടി. ജലീൽ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സ: ശിവശങ്കരൻ ഷെയർ ചെയ്തതിൽ രേഖപ്പെടുത്തിയ കമൻ്റ് മുസ്ലീം മതവിഭാഗത്തെ ആകെ ക്രിമിനൽ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയിൽ ആയത് തീർത്തും തെറ്റായി പോയി. ഈ കമൻ്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവൻ പേരോടും ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. എൻ്റെ പാർട്ടി നിലപാടിന് വിപരീതമായി നിലയിൽ കമൻ്റ് വന്നതിൽ ഞാൻ ദുഃഖിക്കുകയും, ക്ഷമ ചോദിക്കുകയും ചെയ്യുന്നു", എന്നായിരുന്നു എം.ജെ. ഫ്രാൻസിസിൻ്റെ പ്രതികരണം.
ALSO READ: തേജസ് എത്തിയത് ഫെബിന്റെ സഹോദരിയെ ലക്ഷ്യം വെച്ച്; കൈഞരമ്പ് മുറിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടി
"ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനലുകൾ സ്വഭാവമുള്ളത് മുസ്ലിങ്ങൾക്കാണ്,അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും, പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി... എന്ന് തുടങ്ങിയായിരുന്നു എം. ജെ. ഫ്രാൻസിസ് ഫേസ് ബുക്കിൽ കമൻ്റിട്ടത്. പോസ്റ്റ് വിവാദമായതോടെ എം.ജെ. ഫ്രാൻസിസ് ഫേസ് ബുക്കിലിട്ട കമൻ്റ് പിൻവലിക്കുകയായിരുന്നു.
ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ. ഫ്രാൻസിസിൻ്റെ നിലപാടിനെ സിപിഐഎം കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. എം.ജെ. ഫ്രാൻസിസ് ഫേസ് ബുക്ക് കമൻ്റിലൂടെ മുസ്ലിം സമുദായത്തെ കുറിച്ച് നടത്തിയ പരാമർശം സിപിഐഎമ്മിൻ്റെ നിലപാടല്ല. മത ന്യൂന പക്ഷങ്ങൾക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന അക്രമങ്ങൾക്കെതിരെയും, വെല്ലുവിളികൾക്കെതിരേയും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം. എന്നായിരുന്നു പാർട്ടി പ്രസ്താവനയിലൂടെ നിലപാട് അറിയിച്ചത്.