സ്ഥലം തെരഞ്ഞെടുത്ത വിവരം സർക്കാർ മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെ അറിയിച്ചു
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനായി സ്മാരകം ഒരുക്കും. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകത്തിന് സമീപത്തുള്ള സ്ഥലം സ്മാരക നിർമാണത്തിനായി തെരഞ്ഞെടുത്തു. സ്ഥലം തെരഞ്ഞെടുത്ത വിവരം സർക്കാർ മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെ അറിയിച്ചു. മൻമോഹൻ സിങ്ങിൻ്റെ ഓർമയ്ക്കായി പ്രത്യേക സ്മാരക സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മൻമോഹൻ സിങ്ങിൻ്റെ കുടുംബവും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു.
സ്ഥലദൗർലഭ്യമുണ്ടായ സാഹചര്യത്തിൽ 2013ലെ യുപിഎ സർക്കാർ, രാജ്ഘട്ടിൽ രാഷ്ട്രീയ സ്മൃതി സ്ഥലമെന്ന പൊതു സ്മാരകം സ്ഥാപിക്കാനും തീരുമാനിച്ചു. എന്നാല്‍,അതേ യുപിഎ സർക്കാരിന് നേതൃത്വം നല്‍കിയ മന്‍മോഹന്‍ സിങ്ങിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റുകയായിരുന്നു. മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ മുന്നോട്ടുവെച്ചു. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിനെ ഇക്കാര്യം പ്രിയങ്ക അറിയിച്ചിരുന്നു.
ALSO READ: "മൻമോഹൻ സിങ്ങിനായി പ്രത്യേക സ്മാരക സ്ഥലം അനുവദിക്കണം"; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കോൺഗ്രസ്
ഡിസംബർ 26നായിരുന്നു മൻമോഹൻ സിങ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ മന്‍മോഹന്‍ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.33 വർഷത്തെ കാലയളവിനു ശേഷം 2024 ഏപ്രിലിലാണ് അദ്ദേഹം രാജ്യസഭയിൽ നിന്ന് വിരമിച്ചത്. ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയായിരുന്നു മൻമോഹൻ സിങ്.
ALSO READ: ഡോ. മൻമോഹൻ സിങ്: പാണ്ഡിത്യവും പൊതുജനതാൽപ്പര്യവും സമന്വയിച്ച രാഷ്ട്രതന്ത്രജ്ഞന്‍
2004 മേയ് 22നാണ് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്. 2009ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയതോടെ മൻമോഹൻ സിങ് വീണ്ടും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി. 2004 മുതൽ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അന്തരിച്ച മുന്‍ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് സ്മാരകം നിർമിക്കാനുള്ള സ്ഥലം കേന്ദ്രസർക്കാർ അനുവദിച്ചത്. രാജ്ഘട്ടിലെ രാഷ്ട്രപതിമാർക്കും ഉപരാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വേണ്ടിയുള്ള നിയുക്ത സ്മാരക സമുച്ചയമായ രാഷ്ട്രീയ സ്മൃതി സ്ഥലിലാണ് സ്മാരകത്തിനായി സ്ഥലം അനുവദിച്ചത്.