അഗ്രിഗേറ്റിൽ 5-1ൻ്റെ ജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.
ചാംപ്യൻസ് ലീഗ് രണ്ടാംപാദത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ആഴ്സണൽ സെമിയിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. 65ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെ മുന്നിലെത്തിയ ആഴ്സണൽ, ഗബ്രിയേൽ മാർട്ടിനലിയിലൂടെ രണ്ടാം ഗോളും നേടി. 67ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് ആശ്വാസ ഗോൾ കണ്ടെത്തി.
ഇരുപകുതികളിലും മികച്ച ഗെയിം പുറത്തെടുത്ത ആഴ്സണൽ റയൽ മുന്നേറ്റനിരയെ കൃത്യമായി തടഞ്ഞുനിർത്തി. ആദ്യപാദത്തിൽ 3-0നായിരുന്നു ഗണ്ണേഴ്‌സ് ജയിച്ചത്. ഇതോടെ അഗ്രിഗേറ്റിൽ 5-1ൻ്റെ ജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്.
മറ്റൊരു ക്വാർട്ടറിൽ ആദ്യപാദത്തിലെ ലീഡിന്റെ കരുത്തിലാണ് ഇൻ്റർ മിലാൻ സെമിയിലേക്ക് മുന്നേറിയത്. രണ്ടാംപാദ മത്സരം 2-2 സമനിലയിൽ പിരിയുകയായിരുന്നു. 52ാം മിനിറ്റിൽ ഹാരി കെയിനിലൂടെ ബയേൺ തിരിച്ചുവരവ് നടത്തിയെങ്കിലും ആറ് മിനിറ്റിന് ശേഷം ലൗട്ടാരോ മാർട്ടിനസിലൂടെ ഇൻ്റർ ഗോൾ മടക്കി.
61ാം മിനിറ്റിൽ ബെഞ്ചമിൻ പവാർഡും ഇറ്റാലിയൻ ക്ലബിനായി ഗോൾ നേടി. 76ാം മിനിറ്റിൽ എറിക് ഡയറിലൂടെ ജർമൻ ക്ലബ് ഗോൾ മടക്കിയതോടെ അവസാന മിനിറ്റിൽ ആവേശമായി.
എന്നാൽ അവസാന മിനിറ്റിൽ ബയേൺ അവസരങ്ങൾ തുലച്ചതോടെ ഇൻ്റർ മിലാൻ സെമിയിലേക്ക് മാർച്ച് ചെയ്തു. സെമി ഫൈനലിൽ ആഴ്സണൽ പിഎസ്‌ജിയേയും ഇൻ്റർ മിലാൻ ബാഴ്സലോണയേയും നേരിടും.
ALSO READ: സൂപ്പര്‍ ഓവറില്‍ സൂപ്പർ ക്ലൈമാക്‌സ്; ഐപിഎല്‍ ത്രില്ലറില്‍ ജയം ഡല്‍ഹിക്ക്