നിർധനരായ രോഗികളുടെ പേരിൽ മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്
കോഴിക്കോട് ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. അരക്കിണർ സ്വദേശി പ്രബിനീഷിനെയാണ് ഫറോക് പൊലീസ് അറസ്റ്റ് ചെയ്തത്. മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് പൊലീസ് നടപടി.
നിർധനരായ രോഗികളുടെ പേരിൽ മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പിരിച്ചു കിട്ടുന്ന പണത്തിൽ നിന്നും തുച്ഛമായ തുക രോഗികൾക്ക് നൽകും. ബാക്കി തുക കൈക്കലാക്കുന്നതാണ് തട്ടിപ്പിൻ്റെ രീതി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ കോന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
കേസിലെ മുഖ്യപ്രതി പ്രബിനീഷിനെ കുന്നമംഗലത്ത് നിന്നാണ് ഫറോക് പൊലീസ് പിടികൂടിയത്. പിരിവിന് എത്തിയ പ്രതിയെ നാട്ടുകാർ പിടികൂടിയാണ് പൊലീസിനെ ഏൽപ്പിച്ചത്. രാമനാട്ടുകര സ്വദേശി രാജന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, പ്രബിനീഷിൻ്റെ കൂട്ടാളി റിയാസ് ഇപ്പോഴും ഒളിവിലാണ്. കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പ്രബിനീഷിനെതിരെ ആറ് പരാതികളുണ്ട്. എന്നാൽ തട്ടിപ്പ് നടത്തിയതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായേക്കും.