സെയ്ഫ് അലി ഖാനെ 'മാലിന്യം' എന്ന് വിളിച്ചുകൊണ്ടുള്ള പരാമർശവും നിതേഷ് റാണെയുടെ ഭാഗത്തുനിന്നുണ്ടായി
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ വർഗീയ പരാമർശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് റാണെ. 'ഖാൻ'മാർക്ക് വേദനിക്കുമ്പോൾ മാത്രം എല്ലാവരും ചർച്ചചെയ്യുന്നെന്നും, ഹിന്ദു നടനായ സുശാന്ത് സിങ് രജ്പുത് മരിച്ചപ്പോൾ ആരും മുന്നോട്ട് വന്നില്ലെന്നുമായിരുന്നു നിതേഷ് റാണയുടെ പ്രസ്താവന. അയോധ്യ രാമക്ഷേത്ര നിർമാണ വാർഷികത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ നിഗ്ഡിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെയും വിമർശനം നടത്തിക്കൊണ്ടായിരുന്നു നിതേഷിൻ്റെ പ്രസ്താവന. മുൻ മന്ത്രി ജീത്തുദ്ദീനും (ജിതേന്ദ്ര അവ്ഹദ്) എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെയും സുശാന്ത് സിങ് രജ്‌പുതിൻ്റെ കാര്യത്തിൽ ഒന്നും പറയാൻ മുന്നോട്ട് വന്നില്ല. അവർക്ക് സെയ്ഫ് അലി ഖാനെയും ഷാരൂഖ് ഖാൻ്റെ മകനെയും നവാബ് മാലിക്കിനെയും കുറിച്ച് മാത്രമേ ആശങ്കയുള്ളൂ. ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവർ വിഷമിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.
ALSO READ: നടൻ കപിൽ ശർമയ്ക്ക് വധഭീഷണി; ഇ-മെയിൽ എത്തിയത് പാകിസ്താനിൽ നിന്ന്
സെയ്‌ഫ് അലി ഖാനെ 'മാലിന്യം' എന്ന് വിളിച്ചുകൊണ്ടുള്ള പരാമർശവും നിതേഷ് റാണെയുടെ ഭാഗത്തുനിന്നുണ്ടായി. ബംഗ്ലാദേശികൾ ഇപ്പോൾ മുംബൈയിലെത്തി എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. മുൻപ് അവർ റോഡുകളിലായിരുന്നു നിന്നിരുന്നതെങ്കിൽ ഇന്ന് അവർ വീടുകൾ കയറാൻ തുടങ്ങി. ചിലപ്പോൾ അവർ സെയ്ഫ് അലി ഖാനെ കൊണ്ടുപോകാൻ വന്നതായിരിക്കും. അത് നല്ലതാണെന്നും, മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നും മന്ത്രി പറഞ്ഞു.
സെയ്ഫ് നടക്കുന്നതിനിടയിൽ നൃത്തം ചെയ്യുകയായിരുന്നെന്ന് പറഞ്ഞ മന്ത്രി, ആക്രമണത്തിൻ്റെ സത്യാവസ്ഥയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഹോസ്പിറ്റലിൽ നിന്നും നടൻ ഇറങ്ങിവരുന്നത് കണ്ടോപ്പാഴാണ് സംശയം തോന്നിയത്. നടക്കുന്നതിനിടയിൽ സെയ്ഫ് നൃത്തം ചെയ്യുകയായിരുന്നു. അതിനാൽ നടന് യഥാർഥത്തിൽ കുത്തേറ്റിരുന്നോ അതോ എല്ലാം ഒരു നാടകം മാത്രമായിരുന്നോ എന്നായിരുന്നു നിതേഷ് റാണെയുടെ ചോദ്യം.
സെയ്ഫ് അലി ഖാനെ ആക്രമിച്ച വ്യക്തി ഷെരിഫുള്‍ ഇസ്ലാം ഷഹ്സാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബര്‍ ക്യാമ്പില്‍ വെച്ച് ഡിസിപി സോണ്‍-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇയാള്‍ പൊലീസിനോട് വ്യാജ പേരാണ് ആദ്യം പറഞ്ഞത്.
പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 5 മാസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെത്തിയെന്നാണ് നിഗമനം. ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇയാളുടെ കയ്യിലില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. മോഷണത്തിനായാണ് പ്രതി സെയ്ഫിന്റെ വീട്ടിലെത്തിയത്.