പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എന്നും എഫ്ഐആറിൽ പറയുന്നു.
വയനാട് പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെതിരായ ആക്രമണത്തിൽ ഏഴു പേർക്കെതിരെ കേസ്. ഷിഹാബ്, അക്ഷയ്, ഇർഷാദ്, സനൽ, കണ്ടാൽ അറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. ഇവർ പ്രാദേശിക സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എന്നും എഫ്ഐആറിൽ പറയുന്നു.
CPIM ഏരിയ കമ്മിറ്റി അംഗം ഷിജുവിനും അമ്മയ്ക്കും എതിരെ ബെന്നി സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റ് ഇട്ടതിൻ്റെ പേരിൽ സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി. ഗഗാറിൻ, ബെന്നിക്ക് പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 16നായിരുന്നു പനമരത്ത് സിപിഎം പ്രതിഷേധയോഗം നടത്തിയത്. പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിൽ JDS അംഗം ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ജനുവരി ആറിന് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായിരുന്നു.LDF ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. 23അംഗഭരണസമിതിയിൽ 11 സീറ്റ് എൽഡിഎഫിനും, 11സീറ്റ് യുഡിഎഫിനുമായിരുന്നു.'എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയില്ല. നേരത്തെ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്.
ജെഡിഎസ് സംഘമായി ഇടതുപക്ഷത്ത് മത്സരിച്ചു വിജയിച്ച പതിന്നൊന്നാം വാർഡ് അംഗം ബെന്നി ചെറിയാൻ പഞ്ചായത്തിലെ ചില കെടുകാര്യസ്ഥതകളും നിയമന അഴിമതിക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നതോടെയാണ് അസ്വാരസ്യങ്ങൾ തുടങ്ങുന്നത്.
ബെന്നി ചെറിയാൻ ഉയർത്തിയ വിഷയങ്ങൾ പഞ്ചായത്ത് ചർച്ച ചെയ്യാൻ പോലും മിനക്കെട്ടില്ല. തുടർന്ന് ബെന്നി ചെറിയാൻ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു ഒടുവിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ യുഡിഎഫ് LDF ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി .
ഇന്ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് ബെന്നി ചെറിയാൻ അനുകൂലമായി വോട്ട് ചെയ്തതോടെ യുഡിഎഫ് ഭരണം പിടിച്ചു. ബെന്നി ചെറിയാന്റെ പിന്മാറ്റത്തോടെ എൽഡിഎഫ് പക്ഷത്ത് 10 അംഗങ്ങളാണുള്ളത്. ഒരംഗമുള്ള ബിജെപി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.