fbwpx
ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള യു.എസ് പിന്മാറ്റം; ട്രംപ് പറയുന്ന കാരണങ്ങളും തിരിച്ചടികളും
logo

എസ് ഷാനവാസ്

Last Updated : 23 Jan, 2025 11:37 AM

കോവിഡിനെ ചൈനാ വൈറസ് എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനയ്‌ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ WHO തയ്യാറായില്ല.

WORLD



നിര്‍ത്തിയയിടത്തുനിന്ന് തുടങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉദ്ഘാടന പ്രസംഗം മുതല്‍ ഒന്നാംദിനം ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഓര്‍ഡറുകള്‍ വരെ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാം. രാഷ്ട്രീയമായി തന്നെ എതിര്‍ത്തവരും, തനിക്കെതിരെ പ്രവര്‍ത്തിച്ചവരുമൊക്കെ ശത്രുക്കളുടെ പട്ടികയിലായിരിക്കുമെന്ന് ട്രംപ് നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ആദ്യ ഭരണകാലത്തിന്റെ അവസാനനാളുകളില്‍ തുടങ്ങിവെച്ചതും, ബൈഡന്‍ റദ്ദാക്കിയതുമായ നടപടികള്‍ പുനരുജ്ജീവിപ്പിക്കുക കൂടിയാണ് ട്രംപ്. അതില്‍ ഏറ്റവും പ്രധാനമാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്‍വാങ്ങല്‍. ചൈന ഉള്‍പ്പെടെ രാജ്യങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന സംഘടനയെന്നാണ് WHOയെക്കുറിച്ച് ട്രംപിനുള്ള അഭിപ്രായം. ആദ്യ ഭരണകാലത്ത് സംഘടനാ അംഗത്വത്തില്‍നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നാലെയെത്തിയ ബൈഡന്‍ ഭരണകൂടം അത് റദ്ദാക്കി. ഇക്കുറി, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന കാര്യം ട്രംപ് ആവര്‍ത്തിച്ചിരുന്നു. അധികാരമേറ്റതിനു പിന്നാലെ, അത് പ്രാവര്‍ത്തികവുമാക്കി. WHOല്‍നിന്ന് പിന്മാറാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. പിന്‍വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരും. എന്താണ് ട്രംപിനെ അത്തരമൊരു തീരുമാനത്തിലെത്തിച്ചത്? എന്താകും അതിന്റെ പരിണിതഫലം?

ചൈനയെ ചേര്‍ത്തും എതിര്‍ത്തും
ലോകാരോഗ്യ സംഘടനയില്‍നിന്ന് ഇറങ്ങിപ്പോകാനുള്ള ട്രംപിന്റെ തീരുമാനം തിടുക്കത്തില്‍ ഉണ്ടായതല്ല. ആദ്യ ഭരണകാലത്തും ട്രംപ് അതിന് തുടക്കമിട്ടിരുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയായിരുന്നു ആദ്യ തെരഞ്ഞെടുപ്പുകാലത്തെ ട്രംപിന്റെ തുറുപ്പുചീട്ട്. ആഗ്രഹിച്ച രാഷ്ട്രീയ പരിസരം ഒത്തുവന്നതോടെ, ട്രംപ് അധികാരത്തിലെത്തി. ചൈനയുമായി ബന്ധപ്പെട്ടായിരുന്നു ട്രംപ് ഭരണത്തിന്റെ വളര്‍ച്ചയും താഴ്ചയുമെല്ലാം. 2017ല്‍ ഫ്‌ളോറിഡയില്‍ നടന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്-ട്രംപ് കൂടിക്കാഴ്ചയില്‍ ദ്വികക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ പുതിയ കരാറുകള്‍ ഒപ്പുവെച്ചു. തൊട്ടടുത്ത വര്‍ഷം യു.എസ് സാങ്കേതിക വിദ്യയും ബൗദ്ധിക സ്വത്തവകാശവും മോഷ്ടിച്ചതായി ആരോപിച്ച് ചൈനീസ് ഇറക്കുമതിക്ക് വലിയ താരിഫ് പ്രഖ്യാപിച്ചു. പിന്നാലെ വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമായി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചപ്പോള്‍, യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന സ്വന്തം ഇഷ്ടപ്രകാരം തീരുവ ചുമത്തി. അതേവര്‍ഷം ഡിസംബറില്‍ വാവെയ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷുവിനെ യു.എസ് നിര്‍ദേശ പ്രകാരം കാനഡയില്‍ അറസ്റ്റ് ചെയ്തത് ചൈനയെ പ്രകോപിപ്പിച്ചു. 2019ല്‍ വാവെയെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തി. വ്യാപാര യുദ്ധം തീവ്രമാക്കി ചൈനീസ് വസ്തുക്കള്‍ക്ക് താരിഫ് ഉയര്‍ത്തുകയും ചെയ്തു. ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ പിന്തുണച്ച് ട്രംപ് ബില്‍ ഒപ്പിട്ടത് വീണ്ടും ബന്ധം വഷളാക്കി. എന്നാല്‍, ഫേസ് വണ്‍ ട്രേഡ് കരാര്‍ ഒപ്പുവെച്ചുകൊണ്ടായിരുന്നു ഇരു രാജ്യങ്ങളും 2020ന് തുടക്കമിട്ടത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങളില്‍ ചിലതിന്റെ താരിഫ് കുറയ്ക്കുകയും ചെയ്തിരുന്നു.


ALSO READ: "അമേരിക്കയുടെ സുവര്‍ണകാലം ഇപ്പോള്‍ ആരംഭിക്കുന്നു, ഇന്നു മുതല്‍ രാജ്യം അഭിവൃദ്ധി പ്രാപിക്കും"; ആദ്യ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ്


എന്നാല്‍ ആദ്യ ഭരണകാലം അവസാനത്തോടടുക്കുമ്പോള്‍, കോവിഡ് അമേരിക്കയുടെ സാമുഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളെ പുനര്‍നിര്‍വചിച്ചു. കോവിഡ് കാലത്തെ നടപടികളില്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ട്രംപിനാകട്ടെ അഭിപ്രായ വോട്ടെടുപ്പുകളില്‍ പിന്തുണ കുറഞ്ഞു. അതിനിടെയാണ് ചൈന വിഷയമായി മാറുന്നത്. ആദ്യ നാളില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ പ്രശംസിച്ചിരുന്ന ട്രംപ് പിന്നീട് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുതുടങ്ങി. കോവിഡ് മൂലം സംഭവിച്ച നഷ്ടങ്ങള്‍ക്ക് ചൈനയെക്കൊണ്ട് പരിഹാരം ചെയ്യിക്കുമെന്ന തലത്തിലേക്ക് അത് വളര്‍ന്നു. ഇംപീച്ച്‌മെന്റിന്റെ വക്കില്‍നിന്ന് രക്ഷപെട്ട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കൂട്ടുപിടിച്ച് ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനിടെയുണ്ടായ കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍, പ്രസംഗത്തിലും ട്വീറ്റുകളിലുമെല്ലാം ട്രംപ് ചൈനയെ കടന്നാക്രമിച്ചു.

ചൈനയ്ക്കു പിന്നാലെ WHO
2020ല്‍ ലോകമെങ്ങും കോവിഡ് പടര്‍ന്നുപിടിച്ച കാലത്തായിരുന്നു ട്രംപിന്റെ നീക്കം. കോവിഡിന്റെ പ്രഭവസ്ഥാനം, ആഗോള വ്യാപനം തടയാനുള്ള ശ്രമങ്ങളില്‍ വീഴ്ച വരുത്തി എന്നിങ്ങനെ ആരോപണങ്ങളിലായിരുന്നു ചൈനയ്ക്കെതിരായ വാക് പയറ്റ് ട്രംപ് തുടങ്ങിയത്. കോവിഡിനെ ചൈനാ വൈറസ് എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനയ്ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ WHO അതിനൊന്നും തയ്യാറായില്ല. കോവിഡ് ഉത്ഭവം സംബന്ധിച്ച ചൈനയുടെ വാദങ്ങള്‍ ശരിവച്ചുകൊണ്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നായി ട്രംപിന്റെ ആരോപണം. ഇക്കാര്യം നിഷേധിച്ച സംഘടന, കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. ആരോപണങ്ങളില്‍ ഉറച്ചുനിന്ന ട്രംപ്, സംഘടനയ്ക്കുള്ള ധനസഹായം റദ്ദാക്കി. കോവിഡ് പ്രതിരോധത്തില്‍ WHO മെല്ലെപ്പോക്കാണ് നടത്തുന്നതെന്നായി ട്രംപിന്റെ അടുത്ത ആരോപണം. പിന്നാലെ, സംഘടനയില്‍നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ച ട്രംപ് സാമ്പത്തിക സഹായവും മുടക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ലോകാരോഗ്യ സംഘടനയെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ആ തീരുമാനം. അതിന്റെ ചുവടുപിടിച്ചായിരുന്നു ട്രംപ് അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുത്തത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി പോരിനിറങ്ങുന്ന മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡനെതിരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തന്ത്രപരമായ ആക്രമണവും ഇതിനൊപ്പം ചേര്‍ത്തുവെച്ചിരുന്നു. ബൈഡന്റെ ചൈനീസ് അനുകൂല നയങ്ങളുടെ പേരില്‍ 'ബീജിങ് ബൈഡന്‍' എന്ന പരസ്യം പോലും ട്രംപിന്റെ രാഷ്ട്രീയ പ്രചാരണ സമിതികളില്‍നിന്നായി പുറത്തുവന്നിരുന്നു. എന്നാല്‍ കോവിഡിനെക്കുറിച്ച് ചൈന നല്‍കിയ പ്രാഥമിക വിവരങ്ങള്‍ വിശ്വാസത്തിലെടുത്ത പ്രസിഡന്റ് ഒടുവില്‍ വൈറസ് പ്രതിരോധത്തില്‍ സംഭവിച്ച പോരായ്മകളില്‍നിന്ന് പൊതുശ്രദ്ധ തിരിക്കുന്നതിനായാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു ബൈഡന്റെ മറുപടി. ജനം ട്രംപിനെതിരെ വിധിയെഴുതി.WHOയില്‍ നിന്നുള്ള പിന്‍മാറ്റ പ്രക്രിയ പൂര്‍ത്തിയാകും മുന്‍പേ, ജോ ബൈഡന്‍ അധികാരത്തില്‍ വന്നു. ആദ്യ ദിനം തന്നെ ബൈഡന്‍ ട്രംപിന്റെ ഉത്തരവ് റദ്ദാക്കി.


ALSO READ: ക്യാപ്പിറ്റോള്‍ അക്രമികള്‍ക്ക് മാപ്പ്, മെക്സിക്കോയില്‍ മതില്‍, WHOയില്‍ നിന്ന് പിന്മാറ്റം, LGBTQ+ എന്നൊന്നില്ല; പ്രസിഡന്‍റ് ട്രംപിന്‍റെ ഒന്നാം ദിന ഉത്തരവുകള്‍


നാല് വര്‍ഷങ്ങള്‍ക്കിപ്പുറം, വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ആദ്യ ദിനം തന്നെ ട്രംപ് ബൈഡനെ വെട്ടി, പഴയ തീരുമാനം നടപ്പാക്കുകയായിരുന്നു. കോവിഡ് മഹാമാരിയും, ആഗോളതലത്തിലെ ആരോഗ്യ പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതില്‍ യുഎന്‍ ആരോഗ്യ ഏജന്‍സി പരാജയപ്പെട്ടെന്നാണ് ട്രംപിന്റെ വാദം. അംഗരാജ്യങ്ങളുടെ അനുചിതമായ സ്വാധീനത്തെ മറികടന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ WHO പരാജയപ്പെട്ടു. എന്നിട്ടും, അന്യായമായ തരത്തില്‍, ഭാരിച്ച ധനസഹായം യുഎസില്‍ നിന്ന് സ്വന്തമാക്കുന്നു. അതൊന്നും ചൈനയെ പോലുള്ള വലിയ രാജ്യങ്ങള്‍ നല്‍കുന്ന ധനസഹായങ്ങളോട് ആനുപാതികമല്ല. ലോകാരോഗ്യം നമ്മെ പിഴുതെറിഞ്ഞു, സകലരും യുഎസിനെ തകര്‍ത്തു. ഇനിയൊരിക്കലും അത് സംഭവിക്കില്ല - ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്‍വാങ്ങുന്ന എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ടുകൊണ്ട് ട്രംപ് പറഞ്ഞു.

ഒരു വര്‍ഷം നീളുന്ന പ്രക്രിയ
രാജ്യങ്ങള്‍ അംഗത്വം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖയോ, പ്രക്രിയയോ ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയില്‍ പറയുന്നില്ല. 1948ലെ സംയുക്ത പ്രമേയം അനുസരിച്ച്, ഒരു വര്‍ഷത്തെ നോട്ടീസില്‍ യുഎസിന് അംഗത്വം ഉപേക്ഷിക്കാം. എന്നിരുന്നാലും, സംഘടനയോടുള്ള അംഗരാജ്യത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നടപ്പുവര്‍ഷം തന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിനുമുന്‍പ്, 1949ല്‍ സോവിയറ്റ് യൂണിയന്‍ സംഘടനയില്‍ നിന്ന് പിന്‍മാറിയിരുന്നു. ശീതയുദ്ധ സാഹചര്യത്തിലായിരുന്നു അത്തരമൊരു തീരുമാനം. പക്ഷേ, ഒരു വര്‍ഷത്തിനുശേഷം തിരികെയെത്തി. മറ്റൊരു രാജ്യവും ഇതുവരെ സംഘടനയില്‍നിന്ന് പുറത്തുപോയിട്ടില്ല. ലോകാരോഗ്യ സംഘടന സ്ഥാപിതമായ 1948 മുതല്‍ അംഗമാണ് യുഎസ്. പിന്മാറ്റ പ്രക്രിയ പൂര്‍ണമാകുന്നതോടെ, സംഘടനയ്ക്കുള്ള യുഎസിന്റെ എല്ലാത്തരം ധനസഹായവും നിലയ്ക്കും. WHOയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിന്‍വലിച്ച് മറ്റു ചുമതലകളിലേക്ക് പുനര്‍നിയമിക്കും. ആരോഗ്യമേഖലയില്‍ മറ്റു ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യും.


തിരിച്ചടി ആര്‍ക്കൊക്കെ?
യുഎസിന്റെ പിന്മാറ്റം WHOയ്ക്ക് കനത്ത തിരിച്ചടി തന്നെയാണ്. പതിറ്റാണ്ടുകളായി, WHO പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകളും (GDP അധിഷ്ഠിത അംഗത്വ ഫീസ് ഉള്‍പ്പെടെ Assessed Contributions), സന്നദ്ധ സഹായങ്ങളുമായി (Voluntary Contributions) ഏറ്റവും കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്ന രാജ്യം യുഎസ് ആണ്. 2022-23ല്‍ 1.284 ബില്യണ്‍  ഡോളറാണ് യുഎസ് നല്‍കിയത്. 2024-25ല്‍ 6.83 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം സംഭാവനയുടെ കാര്യത്തില്‍ മറ്റേതെങ്കിലും രാജ്യമോ സംഘടനയോ യുഎസിന്റെ അടുത്തെങ്ങുമെത്തില്ല. പെട്ടെന്നൊരു മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോഴും, അടിയന്തിര സാഹചര്യങ്ങളിലുമെല്ലാം WHOയെ അതിവേഗത്തില്‍ ഇടപെടാന്‍ സഹായിച്ചിരുന്നത് യുഎസ് ധനസഹായമാണ്. അത് ഇല്ലാതാകുന്നത് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സാരമായി തന്നെ ബാധിക്കും. ധനസഹായം മാത്രമല്ല, ആരോഗ്യമേഖലയില്‍ ലോകോത്തര നിലവാരമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരവും WHOയ്ക്ക് ഇല്ലാതാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH), സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെന്‍ഷന്‍ (CDC), ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) പോലുള്ള യുഎസ് ഏജന്‍സികളും സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് നഷ്ടമാക്കുക.

ട്രംപിന്റെ നീക്കം യുഎസിനും തിരിച്ചടിയാകും. ആഗോള ആരോഗ്യമേഖലയെ നിരന്തരം വീക്ഷിക്കുന്ന സംഘടനയെന്ന നിലയില്‍  WHO ആണ് പുതിയ രോഗങ്ങളെയും വെല്ലുവിളിയെയും കുറിച്ച് യഥാസമയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. WHOയില്‍ അംഗമല്ലാതാകുന്നതോടെ, ഇത്തരത്തില്‍ വിലയേറിയ വിവരങ്ങള്‍ ലഭ്യമാകാനുള്ള സാധ്യത അവസാനിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെന്‍ഷന്‍ പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും. ആഗോള ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും, പുതിയ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയെക്കുറിച്ച് ആധികാരികമായ ശാസ്ത്രീയ വിവരങ്ങള്‍ (Scientific Data) അറിയാനും യുഎസ് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. അത് അത്രത്തോളം എളുപ്പമാവില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. WHOയെ ആശ്രയിക്കാതെ ഇക്കാലമൊന്നും യുഎസ് ആരോഗ്യരംഗം പ്രവര്‍ത്തിച്ചിട്ടില്ല. പെട്ടെന്ന് അതിന് ബദല്‍ കണ്ടെത്തുക ശ്രമകരമാണ്. ഭാവിയിലുണ്ടായേക്കാവുന്ന ആരോഗ്യ അടിയന്തിരാവസ്ഥകളില്‍ യുഎസും മറ്റു ലോക രാജ്യങ്ങളും തമ്മില്‍ എങ്ങനെയായിരിക്കും ആശയ കൈമാറ്റം എന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.  


ALSO READ: തോല്‍വി, അക്രമം, വിവാദങ്ങള്‍; ഒടുവില്‍ 'ജനകീയനായി' ട്രംപിന്റെ തിരിച്ചുവരവ്


WHOയ്ക്കും മുന്‍പ്, 1902ല്‍ സ്ഥാപിതമായ പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍നിന്നും (PAHO) യുഎസ് പിന്മാറുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 1949 മുതല്‍ WHOയുടെ പ്രാദേശിക ഓഫീസെന്ന നിലയിലാണ് PAHO പ്രവര്‍ത്തിക്കുന്നത്. WHOയില്‍നിന്ന് പിന്മാറുന്നതോടെ, PAHOയില്‍നിന്നും ഒഴിവാകുമോയെന്ന കാര്യം വ്യക്തമല്ല. മറ്റു ബദല്‍ മാര്‍ഗങ്ങളോ, കീഴ്‌വഴക്കമോ യുഎസിന് മുന്നില്‍ നിലവില്‍ ഇല്ലാത്തതിനാല്‍, നയതന്ത്ര തലത്തിലും, മഹാമാരി പ്രതിരോധങ്ങളിലും യുഎസ് ഒറ്റപ്പെടുമെന്നാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍, യുഎസിനെ ഇതൊന്നും ബാധിക്കില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ക്ക് സാധ്യതകളുണ്ടെന്നുമാണ് മറുപക്ഷത്തിന്റെ വാദം. അത് എത്രത്തോളം സാധ്യമാകുമെന്ന് കാത്തിരുന്ന് കാണണം.

രാജ്യാന്തര സംഘടനകള്‍ക്കെല്ലാം അതിന്റേതായ കാരണങ്ങളുണ്ട്. അതുകൊണ്ടാണ് അവ നിലനില്‍ക്കുന്നതും, ആഗോളതലത്തില്‍ ഫണ്ട് സൃഷ്ടിക്കപ്പെടുന്നതും. അവയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ടോ, നിക്ഷിപ്ത താല്പര്യങ്ങളാലോ അതില്‍ നിന്നൊഴിവാകുന്നത് രാജ്യങ്ങള്‍ക്ക് മാത്രല്ല, ആഗോള സമൂഹത്തിനും നല്ലതല്ല. യുഎസ് പിന്മാറുന്നതോടെ, മറ്റു രാജ്യങ്ങളില്‍നിന്നും സംഘടനകളില്‍ നിന്നുമുള്ള സംഭാവനകളും, സന്നദ്ധ സഹായങ്ങളും കൊണ്ടുവേണം WHOയ്ക്ക് മുന്നോട്ടുപോകാന്‍. യുഎസ് പിന്മാറ്റം പൂര്‍ത്തിയായാല്‍, WHOയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റു രാജ്യങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമാകും കൈവരിക. ഫണ്ട് ഉള്‍പ്പെടെ കാര്യങ്ങളില്‍ അവരുടെ ഉത്തരവാദിത്തവും ഏറും. ചൈനയോട് കലഹിച്ച് യുഎസ് പിന്മാറുന്ന ഇടങ്ങളിലെല്ലാം നേട്ടമുണ്ടാക്കുന്നത് ചൈനയാണ്. യുഎന്‍ ആയുധ ഇടപാടിലുള്‍പ്പെടെ ഇത് കണ്ടതാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കാര്യത്തില്‍ അതിന് സാധ്യതകള്‍ കാണുന്നില്ല. സംഘടനയില്‍ വലിയ ബഹളങ്ങളില്ലാത്തതാണ് ചൈനയുടെ ഇടപെടല്‍. പകരം അംഗരാജ്യങ്ങളുമായി ദ്വികക്ഷി, ഉഭയകക്ഷി കരാറുകള്‍ക്കാണ് ചൈന എല്ലായ്പ്പോഴും മുന്‍ഗണന നല്‍കാറ്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ കക്ഷികളാരും മുന്നോട്ടുവരാനുള്ള സാധ്യതയുമില്ല. എന്നിരുന്നാലും, യുഎസിന്റെ അസാന്നിധ്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ചൈനയുടെയും റഷ്യയുടെ ഭാഗത്തുനിന്നുണ്ടായേക്കാം.


KERALA
'ഏക മകൻ ചികിത്സാപ്പിഴവ് മൂലം മരിച്ചു, നീതി ലഭിച്ചില്ല'; കൈകൾ കൂട്ടിക്കെട്ടി നെയ്യാറിൽ ചാടി ജീവനൊടുക്കി ദമ്പതികൾ
Also Read
user
Share This

Popular

KERALA
CRICKET
'ഏക മകൻ ചികിത്സാപ്പിഴവ് മൂലം മരിച്ചു, നീതി ലഭിച്ചില്ല'; കൈകൾ കൂട്ടിക്കെട്ടി നെയ്യാറിൽ ചാടി ജീവനൊടുക്കി ദമ്പതികൾ