വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ള ഋതു ബെംഗളൂരുവിൽ നിന്ന് രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്
ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പ്രകോപനകാരണം വെളിപ്പെടുത്തി പ്രതി ഋതു ജയൻ. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിൻ സഹോദരിയെക്കുറിച്ച് മോശം പരാമർശം നടത്തിയതാണ് പ്രകോപനമായതെന്നാണ് പ്രതി പറയുന്നത്. ജിതിനെ ആക്രമിക്കാനാണ് ഋതു എത്തിയത്. തടുക്കാൻ ശ്രമിച്ചവരെ പിന്നീട് ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി.
വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ള ഋതു ബെംഗളൂരുവിൽ നിന്ന് രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകുന്നേരമാണ് പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരെ ഇയാൾ ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഋതുവും ജിതിനുമായി മുന്‍പ് വാക്കേറ്റം ഉണ്ടായിട്ടുണ്ട്.
ഋതു എൻഡിപിഎസ് കേസിൽ 52 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. ഇയാൾ മാനസിക ആരോഗ്യ പ്രശ്‌നമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരം. കുറച്ചു നാളുകളായി ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. മലബാറിൽ ഉള്ള ഒരു ആശുപത്രിയിലാണ് ചികിത്സ. ഋതുവിന്റെ മെഡിക്കൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
Also Read: അയൽവാസികൾ തമ്മിൽ തർക്കം; ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ആറ് മണിയോടെ ജിതിൻ്റെ വീട്ടിലെത്തിയ ഋതു കമ്പിവടി കൊണ്ട് നാല് പേരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ നിലയിലായിരുന്നു നാല് പേരും. നാട്ടുകാർ ഇടപെട്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടു. വീട്ടിലെ രണ്ടു കുട്ടികൾ ഭാഗ്യം കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ലഹരി ഉപയോഗിച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള പ്രതിക്കെതിരെ പരാതി നൽകിയാൽ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയാണ് ചെയ്തിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു.
കൊലപാതകത്തിന് ശേഷം ജിതിൻ്റെ ബൈക്കുമായി കടന്ന പ്രതി വടക്കേക്കര എസ്ഐയുടെ മുന്നിലാണ് കീഴടങ്ങിയത്. ലഹരിയുടെ സ്വാധീനത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും ഇന്നുണ്ടാകും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.
Also Read: VIDEO | കണ്ണൂരിൽ ആംബുലൻസിൻ്റെ വഴി തടഞ്ഞ് കാർ യാത്രികൻ; ഹൃദയാഘാതമുണ്ടായ രോഗി യാത്രാ മധ്യേ മരിച്ചു
കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാര നടപടികളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.