ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു
ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും വിപത്തിൻ്റെ തായ് വേരറുക്കാൻ നാടിൻ്റെ പിന്തുണ വേണം. സിന്തറ്റിക് ലഹരിയുടെ വർധനയാണ് സാഹചര്യം ഗുരുതരമാക്കുന്നത്. ലഹരി ഉപയോഗം തടയാൻ യോഗം ചേർന്നിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾ വിവിധ വകുപ്പുകൾ വിശദമായി അവതരിപ്പിച്ചു. നിർദേശങ്ങൾ വിദഗ്ദ സമിതി പരിശോധിക്കും. വിപുലമായ കർമ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഈ മാസം 17 ന് സർവകക്ഷി യോഗം ചേരും. 16 ന് മതമേലധ്യക്ഷന്മാരുടെ യോഗവും ചേരും. ലഹരിക്കെതിരെ ലോക്കൽ പൊലീസ് ശക്തമായ പരിശോധന നടത്തും. കർശനമായ നടപടികളാണ് നിലവിൽ സ്വീകരിക്കുന്നത്. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 12 കോടിയുടെ മയക്കുമരുന്ന് ഇതുവരെ പിടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള മയക്കുമരുന്ന് തടയാൻ ഡാൻസാഫ് ടീം ശക്തമായി ഇടപെടുന്നുണ്ട്. അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തെ കണ്ടെത്താൻ പൊലീസ് മികവ് കാണിക്കുന്നു. മാർച്ച് മാസത്തിൽ 10405 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: അവളിനി 'നിധി'; ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും
ജീവിതമാണ് ലഹരി എന്ന പേരിൽ പൊലീസ് ക്യാംപയിൻ നടത്തുന്നു. എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ കൂട്ടായ്മ രൂപപ്പെടുത്തും. സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലാസുകൾ നടത്തും ബോധവത്കരണം കൂടുതൽ ശക്തമാക്കും. ലഹരിക്കെതിരെ എല്ലാവരും ഒരുമിച്ചു നിക്കണം. നാടൊന്നാകെ തോളോട് തോൾ ചെരേണ്ടതുണ്ട്. യോജിച്ച പ്രവർത്തനത്തിലൂടെ മാത്രമേ ലക്ഷ്യം കൈവരിക്കാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ ആഘോഷിക്കുന്നുണ്ട്. വാർഷികാഘോഷം 21 ന് കാസർഗോഡ് തുടങ്ങി തിരുവനന്തപുരത്താണ് സമാപിക്കുക. ജില്ലാ തല യോഗങ്ങളിൽ പൗര പ്രമുഖർ പങ്കെടുക്കും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. സർക്കാരിന്റെ മുന്നോട്ടുള്ള യാത്രയിൽ ജനങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. സർക്കാരും ജനങ്ങളും ഒന്നിച്ചു നിൽക്കുമ്പോൾ എല്ലാം പ്രതിസന്ധികളും മറികടക്കാനാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.