ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞു നിധി ആശുപത്രി വിടുന്നത്
ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിന് പേരിട്ടു. 'നിധി' എന്നാണ് ആരോഗ്യമന്ത്രി കുഞ്ഞിന് പേരിട്ടത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് നാളെ ആശുപത്രി വിടും. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുഞ്ഞു നിധി ആശുപത്രി വിടുന്നത്. ഇനി ശിശുക്ഷേമ സമിതിയുടെ കീഴിലാണ് അവൾ വളരുക. സ്വകാര്യ ആശുപത്രി ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് അച്ഛനും അമ്മയും കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. തുടർന്ന് കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വനിത ശിശു വികസന വകുപ്പ് കുഞ്ഞിന് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കുഞ്ഞിന്റെ ചികിത്സ മേല്‍നോട്ടത്തിനായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിരുന്നു.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിറും രഞ്ജിതയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. പ്രസവത്തിനായി ട്രെയിനില്‍ നാട്ടിലേക്ക് പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ജനുവരി 29ന് രഞ്ജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
കുഞ്ഞിനെ വിദഗ്ധ ചികിത്സ്‌ക്കായി ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 31ന് രഞ്ജിതയെ ഡിസ്ചാര്‍ജ് ചെയ്തതോടെ ദമ്പതികള്‍ ലൂര്‍ദ് ആശുപത്രിയില്‍ കുഞ്ഞിന്റെ അടുത്ത് എത്താതെ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയായിരുന്നു. ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.